യുപിയിൽ കത്തോലിക്കാ വൈദികൻ ഉൾപ്പടെ 7പേർ ജയിലിൽ, അറസ്റ്റ് മതപരിവർത്തനം ആരോപിച്ച് പ്രാർത്ഥനാ യോഗത്തിന് എത്തിയവരെ അടിച്ചോടിച്ചു
ലക്നൗ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ക്രൈസ്തവവേട്ട ശമനമില്ലാതെ തുടരുന്നു. ഈമാസം അഞ്ചിന് കത്തോലിക്കാ വൈദികന് പുറമേ ആറ് പാസ്റ്റർമാരെയും മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലാക്കി. ലക്നൗവിനടുത്ത ബാരാബങ്കിയിൽ ഒരുകൂട്ടം ഹിന്ദുക്കളെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റുണ്ടായത്. ലക്നൗ രൂപതയിലെ വൈദികനായ ഫാ.ഡൊമിനിക് പിൻ്റോ, ധർമ്മരാജ്, സുരേന്ദ്ര, ഘനശ്യാം, ഗൗതം, പവൻ സൂരജ്, സർജു പ്രസാദ് എന്നിവരാണ് ജയിലുള്ളത്.
ലക്നൗ രൂപതയുടെ ഉടമസ്ഥതയിൽ ബാരാബങ്കിയിലുള്ള നവനീത് പാസ്റ്ററൽ സെൻ്ററിൽ നൂറോളം പേർ പങ്കെടുത്ത പ്രാർത്ഥനായോഗത്തിന് എത്തിയവരെ തീവ്രഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിൽ അടിച്ചോടിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നൂറോളം പേർ പങ്കെടുത്ത പരിപാടിയിലേക്ക് ഒരുപറ്റം പേർ ഇരച്ചുകയറി സംഘർഷമുണ്ടാക്കി. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിക്രമം. എന്നാൽ പോലീസ് കേസെടുത്തിരിക്കുന്നത് പ്രാർത്ഥനാ യോഗത്തിന് എത്തിയവർക്കെതിരെയാണ്. സ്ത്രീകൾ ഉൾപ്പടെ 15 പേർക്കെതിരെയാണ് കേസുള്ളത്. മതപരിവർത്തന നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ ആരോപിച്ചിരിക്കുന്നത്.
നിസ്സഹായരായ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് രൂപതാ ചാൻസലർ ഫാ.ഡൊണാൾഡ് ഡിസൂസ പറഞ്ഞു. സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നൽകി എന്നതല്ലാതെ മറ്റൊരു കുറ്റവും ഫാ.പിൻ്റോ ചെയ്തിട്ടില്ലെന്നാണ് സഭയുടെ നിലപാട്. വിവിധ സമുദായങ്ങളിൽ പെട്ടവർ നവനീത് സെൻ്റർ വാടകയ്ക്കെടുത്ത് അവരുടെ പ്രാർത്ഥനകൾ നടത്താറുണ്ട്. എന്നാൽ ദലിത് സമുദായത്തിൽപ്പെട്ട പാവങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചുവെന്നാണ് തീവ്ര ഹിന്ദുസംഘടനാ നേതാവ് ബ്രിജേഷ് കുമാറിൻ്റെ ആരോപണം.
2014ൽ ബിജെപി സർക്കാർ യുപിയിൽ അധികാരത്തിൽ വന്നശേഷം ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ വൻ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ക്രിസ്ത്യാനികൾക്ക് നേരെ യുപി യിൽ മാത്രം 287 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 22 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ കേവലം 0.18 ശതമാനം മാത്രമാണ് ക്രൈസ്തവരുടെ ജനസംഖ്യ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here