ബിജെപി ഭരിക്കുന്ന യുപിയില്‍ ചെയ്യാത്ത കുറ്റത്തിന് 83 ദിവസം ജയിലില്‍ കഴിഞ്ഞ മലയാളി വൈദികന്‍ ബാബു ഫ്രാന്‍സിസ്; ‘ന്യൂനപക്ഷങ്ങള്‍ എപ്പോഴും അറസ്റ്റിലാകാം’
മുനമ്പം സമരത്തിന്റെ പേര് പറഞ്ഞ് ക്രിസ്ത്യാനികളുടെ രക്ഷകവേഷം കെട്ടി നടക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളോട് കാട്ടുന്ന ക്രൂരതകളുടെ കഥകള്‍ അധികമൊന്നും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ മാത്രം 25 ലധികം കത്തോലിക്ക വൈദികരും അതിലേറെ പാസ്റ്ററന്മാരും ജയിലിലായിട്ടുണ്ട്. ഇപ്പോഴും പലരും ജയിലിലാണ്. ക്രിസ്ത്യാനിയായതുകൊണ്ട് മാത്രം മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ച് പലരേയും അകത്തിടുകയാണ്. തന്റെ ഒരു പരിചയക്കാരനെ പോലീസ് പിടിച്ചു കൊണ്ടുപോയതറിഞ്ഞ് അന്വേഷിക്കാന്‍ പോയ മലയാളി കത്തോലിക്ക വൈദികനെ വധശ്രമക്കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഭരണകൂട ഭീകരതയുടെ പേരില്‍ 58 കാരനായ മലയാളി കത്തോലിക്ക വൈദികനായ ഫാദര്‍ ഫ്രാന്‍സിസ് ബാബു സെബാസ്റ്റ്യന്‍ ജയിലില്‍ അനുഭവിച്ച പീഡനങ്ങള്‍ മനുഷ്യ മനസാക്ഷിയെ അമ്പരപ്പിക്കുന്നതാണ്.
അലഹബാദില്‍ ജോലി ചെയ്തിരുന്ന തൃശുര്‍ സ്വദേശികളായ സീറോ മലബാര്‍ സഭാ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്ന ‘ബാബു ‘. ഉത്തമ ദൈവ വിശ്വാസത്തില്‍ വളര്‍ന്ന ബാബു വൈദികനായി മാറിയത് സ്വാഭാവിക പരിണാമമെന്ന് വിളിക്കാം. അലഹബാദ് രൂപതയുടെ കീഴിലുള്ള സാമൂഹ്യ സേവന വിഭാഗത്തിന്റെ ഡയറക്ടറാണ് ഫാദര്‍ ബാബു ഫ്രാന്‍സിസ്. “യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന നിങ്ങള്‍ ക്രിസ്ത്യാനിയാണെങ്കില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാനിടയുണ്ട്. ഒരു കുറ്റവും ചെയ്യാതെ വധശ്രമക്കേസ് ചുമത്തി 83 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ” ഫാദര്‍ ബാബു ഫ്രാന്‍സിസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം (2023) ഒക്ടോബര്‍ ഒന്നിന് അലഹബാദ് (ഇപ്പോള്‍ പ്രയാഗ് രാജ്) നഗരത്തിന് പുറത്തുള്ള നൈനി പോലീസ് അലഹബാദ് രൂപതാ സാമൂഹ്യ സേവന കാര്യാലയത്തില്‍ ജോലി ചെയ്യുന്ന പീറ്റര്‍ പോള്‍ എന്നയാളെ പോലീസ് പിടിച്ചു കൊണ്ടു പോയി. തമിഴ്‌നാട്ടുകാരാനായ ഇയാള്‍ക്കൊപ്പം രണ്ടു പേരെയും കൂടെ പിടികൂടി. ഇവര്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് പ്രാദേശിക ബിജെപി നേതാവായ വൈഭവ് നാഥ് ഭാരതിയുടെ പരാതി പ്രകാരമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പെന്തക്കോസ്ത് വിശ്വാസികളടെ പ്രാര്‍ത്ഥനാലയത്തില്‍ പണവും മറ്റ് വസ്തുക്കളും നല്‍കി ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നത് താന്‍ കണ്ടുവെന്നായിരുന്നു വൈഭവ് നാഥ് ഭാരതിയുടെ പരാതി. കസ്റ്റഡിയിലായവരെക്കുറിച്ച് അന്വേഷിക്കാന്‍ ബാബു ഫ്രാന്‍സിസ് പിറ്റേന്ന് പോലീസ് സ്‌റേഷനില്‍ പോയി. എന്തടിസ്ഥാനത്തിലാണ് ഈ മൂന്ന് പേരെയും കസ്റ്റഡിയി ലെടുത്തതെന്നു പോലും പറയാന്‍ പോലീസ് തയ്യാറായില്ല. താന്‍ സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞ് ഒരു പറ്റം ബിജെപിക്കാര്‍ സ്റ്റേഷനില്‍ വന്ന് ബഹളം കൂട്ടി.’ താന്‍ പള്ളിയില്‍ വെച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നും എതിര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപിച്ച് പോലീസ് ബാബു ഫ്രാന്‍സിസിനെതിരെ കേസെടുത്തു, മത പരിവര്‍ത്തന നിരോധന നിയമത്തിന് പുറമെ വധശ്രമം, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദികനെ കോടതി റിമാന്റ് ചെയ്തു.
“ഉത്തര്‍ പ്രദേശിലെ പോലീസില്‍ നിന്നോ, കോടതികളില്‍ നിന്നോ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷ ഒട്ടും വേണ്ട. നീതി നടപ്പാക്കാനാവാത്ത സ്ഥിതിയാണ് അവിടെ നിലനില്‍ക്കുന്നത്. ഭയപ്പാടിന്റെ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.
ജയിലിലെ സ്ഥിതി പരിതാപകരമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ എപ്പോള്‍ വേണമെങ്കിലും മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ചേക്കാം” ബാബു ഫ്രാന്‍സിസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മതപരിവത്തന നിരോധന നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാം.
നീണ്ട 83 ദിവസങ്ങള്‍ക്ക് ശേഷമാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ബാബുവിന് ജാമ്യം കിട്ടിയത് തനിക്കെതിരെ ചുമത്തിയ പരാതിയെക്കുറിച്ച് ഒരന്വേഷണം പോലും പോലും നടത്തിയില്ല. പരാതിയില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നൊന്നും അന്വേഷിക്കാതെയാണ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. നീതിയും ന്യായവുമൊന്നും യു പി പോലീസില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്. 25 ലധികം വൈദികരും അതിലേറെ പാസ്റ്ററന്മാരും യു പിയില്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യം കിട്ടാത്ത നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോഴും ജയിലുകളിലുണ്ട്. നിസാര കാരണങ്ങള്‍ പറഞ്ഞ് ആരെയും അകത്തിടുന്ന സ്ഥിതിയാണ് യുപിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന മത – ആരാധന സ്വാതന്ത്ര്യമോ അവകാശങ്ങളോ ഉത്തര്‍ പ്രദേശില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യാനി കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് യുപിയി ലാണെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ബിജെപി പ്രകടിപ്പിക്കുന്ന ക്രിസ്ത്യന്‍ പ്രേമമൊന്നും യുപിയില്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളും പ്രവര്‍ത്തകരും കടുത്ത ആശങ്കയിലാണെന്നും ഫാദര്‍ ബാബു ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here