‘അതിക്രൂരമായി എന്നെ മര്‍ദിച്ചു; ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു’; തെലങ്കാനയില്‍ ഹിന്ദുത്വവാദികളുടെ അക്രമത്തിനിരയായ വൈദികന്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വൈദികനും കന്യാസ്ത്രികള്‍ക്കുമെതിരെ തീവ്രഹിന്ദുത്വവാദികളുടെ ക്രൂര അതിക്രമം. സിറോ മലബാർ സഭയുടെ അദിലാബാദ് രൂപതയുടെ ഉടമസ്ഥതയില്‍, ലക്സേറ്റിപ്പെട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്. മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഹിന്ദുത്വവാദികള്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയത്.
ഹനുമാന്‍ ദീക്ഷയോടനുബന്ധിച്ച് കുട്ടികളെ കാവി വസ്ത്രം ധരിക്കാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിച്ചില്ല എന്ന ആരോപണം ഉയര്‍ത്തിയാണ് അതിക്രമം സൃഷ്ടിച്ചത്. മലയാളിയായ സ്കൂള്‍ മാനേജര്‍ ഫാ. ജെയ്സണ്‍ ജോസഫിനെ അതിക്രൂരമായി മര്‍ദിക്കുകയും ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. അവര്‍ തന്നെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു. നെറ്റിയില്‍ കുങ്കുമക്കുറി അണിയിച്ചതിന് പുറമെ കാവി ഷാളും ധരിപ്പിച്ചു. സ്കൂളിലെ ജീവനക്കാരായ കന്യാസ്ത്രികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി സഭാ വസ്ത്രം ധരിച്ച് സ്കൂളില്‍ വരരുതെന്ന് താക്കീത് ചെയ്തു.
ഏപ്രില്‍ 16 ചൊവാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഹനുമാന്‍ ദീക്ഷയോടനുബന്ധിച്ച് സ്കൂളിലെ ഏതാനും കുട്ടികള്‍ ഉപവസിക്കുകയും കാവി വസ്ത്രം ധരിച്ചുമാണ് വന്നിരുന്നത്. സ്കൂള്‍ യൂണിഫോം ധരിക്കാതെ കൂടുതല്‍ കുട്ടികള്‍ വരാന്‍ തുടങ്ങിയതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ടു. സ്കൂളിന്‍റെ അച്ചടക്ക മര്യാദകള്‍ എല്ലാവരും ഒരു പോലെ പാലിക്കേണ്ടതാണെന്നും ഹനുമാന്‍ ദീക്ഷയുമായി ബന്ധപ്പെട്ട് ഉപവസിക്കുന്നവര്‍ക്ക് യൂണിഫോമിന്‍റെ മുകളില്‍ കാവി ഷാള്‍ ധരിച്ച് വരാം എന്നും നിര്‍ദേശിച്ചു. കുട്ടികളുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായത്.
പിറ്റേന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതുപോലെ യൂണിഫോം ധരിച്ച് കുട്ടികള്‍ എത്തി. തൊട്ടു പിന്നാലെ ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ സ്കൂള്‍ അങ്കണത്തിലേക്ക് ഇരച്ചുകയറി ഗേറ്റ് ചവിട്ടി പൊളിച്ചു. മദര്‍ തെരേസയുടെ രൂപം കല്ലെറിഞ്ഞ് വീഴ്ത്തി. അക്രമിസംഘം ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്തിറക്കി നിര്‍ത്തിയശേഷം, അധികൃതര്‍ ഇവരെ പുറത്താക്കിയതെന്ന മട്ടില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. കാവി വസ്ത്രം ധരിച്ചുവന്ന കുട്ടികളെ നിര്‍ബന്ധിച്ച് യൂണിഫോം ധരിപ്പിച്ചതായും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്ന് താന്‍ ഓഫീസില്‍ കയറി കതകടച്ചു. ഇതേതുടര്‍ന്ന് ഇവര്‍ ഓഫീസിന്റെയും മറ്റ് ക്ലാസ് മുറികളുടെയും ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പോലീസ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അക്രമികളെ അവിടെനിന്നും ഒഴിപ്പിച്ചത്. സംഘര്‍ഷത്തില്‍ ഇരു കൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദുത്വവാദികള്‍ മനപൂര്‍വം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതായും ഫാ.ജെയ്സണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോട് സംസാരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജരും മലയാളി വൈദികനുമായ ഫാ. ജെയ്സൺ ജോസഫിനെ തീവ്ര ഹിന്ദുത്വ ശക്തികൾ അക്രമിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായി പ്രതിഷേധിച്ചു. രാവിലെ താൻ വൈദികനുമായി ഫോണിൽ സംസാരിച്ചിരുന്നു. അത്യന്തം ഹീനമായ അക്രമങ്ങളാണ് സ്കൂളിന് നേരെ നടന്നത്. മദർ തെരേസയുടെ രൂപം തല്ലിതകർക്കുകയും, സ്കൂളിൻ്റെ ഓഫീസിനും കെട്ടിടങ്ങൾക്കും കേടു പാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഫാദർ ജെയ്സൺ ഉന്നയിച്ച ആശങ്കകൾ ഇപ്പോൾ കേരളത്തിലുള്ള തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് സതീശൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വൈദികനെ അതിക്രൂരമായി അക്രമികൾ മർദിച്ചതായി പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. ന്യൂനപക്ഷങ്ങളോടുള്ള ഹിന്ദുത്വ സംഘടനകളുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.