ഗര്‍ഭിണികളുടെ വയറിന് പുറംഭാഗത്തെ ചൊറിച്ചിലിന്റെ കാരണമിതാണ്; ഈ ചൊറിച്ചില്‍ സ്‌ട്രെച്ച് മാര്‍ക്കിലേക്ക് നയിച്ചേക്കാം; എന്നാല്‍ പ്രതിവിധിയുണ്ട്

ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. പെട്ടെന്ന് തടി കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ വിടവുകളുടെ പാടുകളാണിത്. ഗര്‍ഭകാലത്തും കൗമാരത്തിന്റെ തുടക്കകാലത്തിലുമാണ് ഇത് കൂടുതലായി കാണുന്നത്. വയറിലും തുടകളിലും അരയിലും കൈകളുടെ മുകള്‍ ഭാഗത്തുമൊക്കെയാണ് സാധാരണയായി ഈ മാര്‍ക്കുകള്‍ കാണുന്നത്.

ഗര്‍ഭകാലത്ത് വയറിലുണ്ടാകുന്ന ചൊറിച്ചിലും സ്ട്രെച്ച്മാര്‍ക്കും സാധാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓരോ മാസം കഴിയുന്തോറും വയര്‍ കൂടുതല്‍ വലുതാകുകയും ചര്‍മ്മത്തില്‍ ചെറിയ വിള്ളലുകള്‍ സംഭവിക്കുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകുന്നത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇതിന് സാധ്യത കൂടുതലാണ്.പ്രസവശേഷമാണ് ഭൂരിഭാഗം പേരും സ്ട്രെച്ച് മാര്‍ക്കിന് പരിഹാരമന്വേഷിച്ച് ഡോക്ടറെ സമീപിക്കാറുള്ളത്. എന്നാല്‍ ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ അതിന് പ്രതിവിധി തേടുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഗര്‍ഭിണികള്‍ കുളി കഴിഞ്ഞാല്‍ ഉടന്‍ വയറില്‍ മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതാണ്. വെളിച്ചെണ്ണയോ അലോവേര ക്രീമോ ഉപയോഗിക്കാവുന്നതാണ്. ചൊറിച്ചില്‍ കൂടുതലാണെങ്കില്‍ ഐസ് പാക്ക് വയറില്‍ വയ്ക്കാവുന്നതാണ്. രണ്ട് മൂന്ന് മിനിറ്റോളം വയ്ക്കുമ്പോള്‍ തന്നെ ചൊറിച്ചില്‍ കുറയും. പിന്നീട് ക്രീമോ വെളിച്ചെണ്ണയോ പുരട്ടുക. ഐസ്പാക്കിന് പകരം ലാക്ടോകലാമിനും ഉപയോഗിക്കാം. ചൊറിയാനുള്ള പ്രവണതയുണ്ടാകുമെങ്കിലും ചൊറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ചൊറിയുമ്പോള്‍ വയറില്‍ കൂടുതല്‍ മുറിവുകളും സട്രെച്ച് മാര്‍ക്കുകളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മുറിവുകളുണ്ടായാല്‍ അത് ഇന്‍ഫെക്ഷന്‍ ആകാനും സാധ്യതയുണ്ട്.

പപ്പ്(PUPPP) എന്ന അവസ്ഥയിലും ചൊറിച്ചില്‍ ഉണ്ടാകാം. ചൊറിച്ചിലിനോടൊപ്പം ചെറിയ ചുവപ്പ് നിറത്തിലുള്ള കുരുക്കളും ഉണ്ടാകാം. ഇത് ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. ഇതിന് ചികിത്സ തേടണം. ഒബ്സ്ടെട്രിക് കോളിസ്റ്റേസിസ്(obstetric cholestassi) എന്ന അവസ്ഥയും ചൊറിച്ചിലിന് കാരണമാകാറുണ്ട്. ഇത് കരളിനെ ബാധിക്കുന്നതാണ്. ഉള്ളം കൈയിലും ഉള്ളം കാലിലും രാത്രികാലങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. പിന്നീട് ഇത് ദേഹമാസകലം പടര്‍ന്നേക്കാം. ചൊറിച്ചില്‍ കൂടുതലാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കാണുക. ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുകയാണെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെയോ കരളിന്റെ ഡോക്ടറേയോ കാണേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top