കോഴിക്കോട് സ്ഥിരീകരിച്ചത് 4 നിപ്പ കേസുകൾ; പൂനെ മൊബൈൽ ലാബും പ്രവർത്തനം തുടങ്ങി, സംസ്ഥാനം അതീവ ജാഗ്രതയിൽ
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടെ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായി. സമ്പർക്ക പട്ടിക കൂടുതൽ ശ്രദ്ധയോടെ ഒന്നുകൂടി പരിശോധിക്കുന്നുണ്ട്. ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച് ഏതേങ്കിലും സ്ഥലം വിട്ടുപോയിട്ടുണ്ടോ എന്ന് നോക്കിവരുകയാണ്. കഴിഞ്ഞ മാസം 30ന് മരിച്ച ആദ്യ വ്യക്തിയുടെ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽപ്പെട്ട വ്യക്തിക്കാണ് ഇപ്പോൾ രോഗം ബാധിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ പട്ടികയിൽ ഉള്ള ഹൈ റിസ്‌കിൽപ്പെട്ട എല്ലാവരെയും ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും പരിശോധിക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ച 39 കാരൻ ചെറുവണ്ണൂർ സ്വദേശിയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നിലയിലും ഭയപ്പെടേണ്ടതില്ല. ഓഗസ്റ്റ് 29 ന് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ നിപ്പ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപെട്ടിട്ടുണ്ട്.
രണ്ട് പരിശോധനാ സംവിധാനങ്ങൾ കൂടി കോഴിക്കോട് സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം ഒരു മെഷീനിൽ 96 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കും. ഒന്നരമണിക്കൂറിൽ ഫലവും ലഭിക്കും. ഏതെങ്കിലും ഒന്ന് കേടായാൽ പരിശോധിക്കാൻ മൂന്നാമതൊരു മെഷീനും കരുതിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ പരിശോധിക്കാം. സാമ്പിൾ കൂടിയാൽ തോന്നയ്ക്കൽ അയച്ചു പരിശോധിക്കും. കൺഫർമേറ്ററി ടെസ്റ്റ് നടത്താൻ സാമ്പിളുകൾ പൂനെയിൽ അയക്കേണ്ട ആവശ്യം ഇല്ല. അവരുടെ മൊബൈൽ ലാബ് ഇന്നലെ രാത്രി മുതൽ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വോളന്റിയേർമാരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും. സുരക്ഷ മുൻനിർത്തിയാണ് ഇത്. കേരളാ പകർച്ചവ്യാധി ആക്ട് 2021 പ്രകാരമുള്ള പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം. നിലവിൽ സമ്പര്‍ക്ക പട്ടികയിലെ ആളുകളുടെ എണ്ണം 950 ആണെങ്കിലും പുതിയ കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത് കൂടാൻ സാധ്യതയുണ്ട്. വിദഗ്ധ സമിതി യോഗം ഇന്ന് ചേരുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ്പാ ബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും.
കൂടാതെ തമിഴ്നാടും കര്‍ണാടകയും കേരളാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി . പരിശോധനയ്ക്ക് ശേഷം മാത്രമാണ് കേരളത്തിലേക്ക് വാഹങ്ങള്‍ കടത്തിവിടുന്നത്. കര്‍ണാടക ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചെക്ക്പോസ്റ്റുകളില്‍ പനി നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപികിരിച്ചു. കേരളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂര്‍, ചാമരാജനഗര ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു. രോഗലക്ഷനമുള്ളവര്‍ക്കായി 10 കിടക്കകളാണ് മാറ്റിവെച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here