താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ; നാലുപേരെ കസ്റ്റഡിയില്‍ എടുത്തത് ഇന്ന് പുലര്‍ച്ചെ; കേസിലെ ആദ്യ അറസ്റ്റ്

മലപ്പുറം : താനൂരില്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണ് നടന്നിരിക്കുന്നത്. കേസിലെ പ്രതികളായ ഉദ്യോഗസ്ഥരെ പുലര്‍ച്ചെയാണ് സിബിഐ സംഘം അറസറ്റ് ചെയ്തത്. ഇവരെ കൊച്ചി ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയായ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാംപ്രതി സിപിഒ ആല്‍വിന്‍ അഗസ്റ്റിന്‍, മൂന്നാംപ്രതി സിപിഒ അഭിമന്യു, നാലാംപ്രതി സിപിഒ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2021 ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം നടന്നത്. ലഹരി മരുന്നുമായി മലപ്പുറം എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ ഡാന്‍സാഫാണ് താമിര്‍ ജിഫ്രിയെയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തത്. പിന്നാലെ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമുണ്ടായെന്നും ഇതേതുടര്‍ന്ന് താമിര്‍ ജിഫ്രി കൊല്ലപ്പെടുകയുമായിരുന്നു. താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനമേറ്റതായി വ്യക്തമാക്കിയിരുന്നു. ശ്വാസകോശത്തില്‍ നീര് കെട്ടിയിരുന്നു. ശരീരത്തില്‍ 21 മുറിവുകളുണ്ടായിരുന്നു. ഇടുപ്പിലും കാല്‍പാദത്തിലും കണംകാലിലും മര്‍ദ്ദനമേറ്റു. ഈ മര്‍ദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈബ്രാഞ്ച് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. ഇതില്‍ നാലുപേര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കുടുംബം നടത്തിയ പോരാട്ടത്തിന്റെ ഒടുവിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറിന്റേയും താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റ് ചെയ്ത സുഹൃത്തുക്കളുടേയും വിശദമായ മൊഴിയെടുത്ത് ശേഷമാണ് സിബിഐ കൊലക്കുറ്റം ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top