കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മുൻ പ്രിൻസിപ്പല്‍ അറസ്റ്റിൽ; സിബിഐയുടെ നിര്‍ണായക നീക്കം

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി  ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട്  മുൻപ് പ്രിൻസിപ്പലും  ആദ്യം അന്വേഷണം നടത്തിയ സ്റ്റേഷൻ എസ്എച്ച്ഒയും അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചതിനുമാണ് നടപടി.  മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷും പോലീസ് ഉദ്യോഗസഥനായ അഭിജിത്ത് മൊണ്ടലും കേസിലെ പ്രതികളാണ്.  ബലാത്സംഗ കൊലപാതക കേസിൽ എഫ്ഐആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതാണ് ഇവരുടെ മേൽ ആരോപിക്കുന്ന കുറ്റം.

സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ  സിബിഐ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. നാർക്കോ അനാലിസിസ് ടെസ്റ്റ് വേണമെന്നാണ് കേന്ദ്ര ഏജൻസിയുടെ ആവശ്യം. നേരത്തേ ഇയാള്‍ക്ക് പോളിഗ്രാഫ് ടെസ്റ്റാണ് നടത്തിയിരുന്നത്. ഇതിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബ്ലൂ ട്യൂബ് ഹെഡ് സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യം നടന്ന ദിവസം പുലർച്ചെ സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് സെറ്റ് ആ സമയം ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് അതിൽ വ്യക്തമായിരുന്നു.

സഞ്ജയ് റോയിക്കൊപ്പം ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവർക്കും പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നു. ഇവരിൽ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്. ഇവരുടെ വിരലടയാളം സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയിരുന്നു. 88 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടികളും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടാത്തതിനാലാണ് ഡോ. ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.

ഓഗസ്റ്റ് ഒമ്പതിനാണ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ഡോക്ടർ അതിക്രൂരമായ ബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസിൽ നിന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് നേരത്തെ സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റം വരുത്തിയെന്നും മകളുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് ഇരയായ വനിതാ ഡോക്ടറുടെ കുടുംബത്തെ പോലീസ് തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേന്ദ്ര ഏജൻസിയുടെ ആരോപണം.

പിജി വിദ്യാർത്ഥിനിയായ  ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top