ബാലസോർ ട്രെയിൻ അപകടം: മൂന്ന് റെയിൽവെ ജീവനക്കാർ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്നൂറോളം യാത്രക്കാരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വെ ജീവനക്കാർ അറസ്റ്റില്‍. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.

അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ  വീഴ്ച്ചയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി ഒരു മാസത്തെ അന്വേഷണത്തിനൊടുവില്‍ റെയിൽവേ സുരക്ഷ കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അടക്കം പരിശോധിച്ചാണ് സിബിഐ നടപടി.

ബെഹനഗ സറ്റേഷനിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. അപകടത്തിന് ഒരു മണിക്കൂർ മുമ്പ് ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇവിടെ നടന്നിരുന്നു. എന്നാൽ ട്രെയിൻ കടത്തി വിടുന്നതിനു മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചില്ല. ഇതാണ് കോറോമാണ്ടൽ എക്‌സ്‌പ്രസ് മറ്റൊരു ട്രാക്കിലുണ്ടായിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നിലെ കാരണമെന്നാണ് റെയിൽവേ സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട്. 2018 ല്‍ നടന്ന മറ്റൊരു അറ്റകുറ്റപ്പണിയും സിഗ്നലിംഗ് വീഴ്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, അപകടത്തിൽ ബാഹ്യ അട്ടിമറിയുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.  

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top