ജെസ്നക്കേസ് രാഹുൽ തിരോധാനത്തിന് സമാനം; അന്വേഷണം സിബിഐ അവസാനിപ്പിച്ചതും അതേ മാതൃകയിൽ, തുടരന്വേഷണത്തിന് കോടതി കനിയണം

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച രണ്ടു തിരോധാനക്കേസുകളിലും അന്വേഷണം ഫലപ്രാപ്തിയിലെത്തിക്കാനാകാതെ സിബിഐ. ഈ രണ്ടുകേസുകളിലും ഏറെക്കുറെ ഒരേ വിധിയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിക്ക് ഉണ്ടായിരിക്കുന്നത്. വിവരം കിട്ടിയാൽ തുടർന്ന് അന്വേഷിക്കാൻ തടസമില്ല എന്നെല്ലാം സാങ്കേതികമായി വിശദീകരിക്കുമ്പോഴും രാഹുൽ കേസിലേത് പോലെ തന്നെയാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സിബിഐ നൽകിയിരിക്കുന്ന ക്ലോഷർ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് കോടതി നിർദേശിച്ചാൽ മാത്രമേ ജെസ്ന കേസിന് ഭാവിയുള്ളൂ. കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത് തുടർനടപടികളുടെ ഭാഗമായാണ്. ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിനെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നൽകിയ ക്ലോഷർ റിപ്പോർട്ട് കോടതി രണ്ടുതവണ തള്ളിയിരുന്നു. വീണ്ടും മൂന്നാമത് അതേ കാരണം തന്നെ കാണിച്ച് റിപ്പോർട്ട് നൽകി സിബിഐ കോടതിയുടെ അനുമതി വാങ്ങിയെടുക്കുകയാണ് ചെയ്തത്.

ജസ്‌നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു രണ്ടുവർഷത്തെ അന്വേഷണത്തിനു ശേഷമാണ് സിബിഐ സമ്മതിച്ചതെങ്കിൽ രാഹുലിന്റെ കാര്യത്തിൽ പരാജയം സമ്മതിക്കാൻ സിബിഐ എട്ട് വർഷമെടുത്തു. രാഹുലിന്റെ തിരോധനം സിബിഐയുടെ ചെന്നൈ യൂണിറ്റിലെ ഇൻസ്‌പെക്ടർ കെ രാജഗോപാലും ജസ്‌നയുടെ തിരോധാനം തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്‌പെക്ടർ നിപുൻ ശങ്കറുമാണ് അന്വേഷിച്ചത്. ഈ രണ്ടു കേസുകളും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിബിഐ ഏറ്റെടുത്തത്.

ആലപ്പുഴ നഗരത്തിലെ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു -മിനി ദമ്പതി കളുടെ ഏകമകനായ രാഹുൽ രാജുവിനെ 2005 മെയ്‌ 18നാണു കാണാതാകുന്നത്. വീടിനടുത്തുള്ള മഞ്ഞിപ്പുഴ മൈതാനത്തു കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു മൂന്നാം ക്ലാസ്സ്‌കാരനായ ഈ ഏഴ് വയസുകാരൻ. കളിക്കിടെ സമീപത്തുള്ള പൊതുടാപ്പിൽ വെള്ളം കുടിക്കാനായിപോയ രാഹുലിനെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച ഈ കേസ് പിന്നീട് ക്രൈംഡിറ്റാച്ച്മെന്റ്റ് (ഇപ്പോഴത്തെ ജില്ലാ ക്രൈം ബ്രാഞ്ച് )ഏറ്റെടുത്തു. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനെതുടർന്ന് രാഹുലിന്റെ മുത്തച്ഛൻ ഹൈക്കോടതിയെ സമീപിക്കുകയും 2005ൽ തന്നെ കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.

രാഹുലിന്റെ അയൽക്കാരനായ ജോജോ ജോർജ് എന്ന ചെറുപ്പക്കാരനിലേക്ക് സംശയമെത്തിയതോടെ ഇയാളെ നാർക്കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും (നുണ പരിശോധന) സിബിഐ വിധേയമാക്കി. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. 2009ൽ അന്വേഷണം അവസാനിപ്പിച്ചു സിബിഐ കോടതിയിൽ റിപ്പോർട്ട്‌ നൽകി. എന്നാൽ തുടരന്വേഷണം നടത്താനായിരുന്നു കോടതി ഉത്തരവ്. പിന്നീട് 2012ൽ സിബിഐ വീണ്ടും റിപ്പോർട്ട്‌ നൽകി. അതും കോടതി സ്വീകരിച്ചില്ല. 2013ൽ സിബിഐ വീണ്ടും നൽകിയ റിപ്പോർട്ട്‌ കോടതിക്ക് അംഗീകരിക്കേണ്ടിവന്നു.

രാഹുലിന്റെ നിരോധനത്തിനു ശേഷം രാജു -മിനി ദമ്പതികൾക്കു ഒരു പെൺകുട്ടി പിറന്നു, ശിവാനി. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണിപ്പോൾ. കുവൈറ്റിൽ ആയിരുന്ന രാജു മകന്റെ തിരോധാനത്തിന്ശേഷം നാട്ടിലെത്തി സ്ഥിരതാമസമാക്കി. നീണ്ട 17 വർഷങ്ങൾക്കുശേഷം 2022 മെയിൽ സ്വന്തം മകനെ കാണാൻ യോഗമില്ലാതെ അദ്ദേഹം കുടുംബവീട്ടിൽ ആത്മഹത്യ ചെയ്തു.

ഇതിന് സമാനമാണ് ജസ്‌നയുടെ തിരോധാനക്കേസും. പത്തനംതിട്ട വെച്ചൂച്ചിറ കുന്നത്ത്‌ വീട്ടിൽ ജെയിംസ് -ഫാൻസി ദമ്പതികളുടെ ഇളയ മകളായ ജസ്‌ന മറിയ ജെയിംസ് 2018 മാർച്ച്‌ 22ന് രാവിലെ 10.30 മണിയോടെ വീട്ടിൽനിന്നും കാണാതാകുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു ഈ ഇരുപതുകാരി.ആദ്യം വെച്ചൂച്ചിറ പോലീസ് അന്വേഷിച്ച ഈ കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ആലപ്പുഴ യൂണിറ്റ് ഡിവൈഎസ്പി ജോർജ് ചെറിയാൻ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതെ വന്നതോടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന കെ എം അഭിജിത്, ജസ്‌നയുടെ സഹോദരൻ ജയിസ് ജോൺ ജെയിംസ് എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിലെത്തി. കോടതി ഉത്തരവിനെ തുടർന്നു 2021മാർച്ച്‌ 10ന് സിബിഐ അന്വേഷണം ഏറ്റെടുത്തു.

തീവ്രവാദ ബന്ധം, മതംമാറ്റം ഉൾപ്പടെയുള്ള ഗൗരവമേറിയ ആരോപണങ്ങൾ ഉയർന്നതിനാൽ സമഗ്രമായ അന്വേഷണമാണ് നടന്നത്. ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും സിബിഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. കയ്യിലൊരു ബാഗുമായി ജസ്‌ന നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ പോലീസ് ഏറെക്കാലം അന്വേഷണത്തിന് ആശ്രയിച്ച മുണ്ടക്കയത്തെ ദൃശ്യത്തിൽ കണ്ടത് ജെസ്ന ആയിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. അതേസമയം കണമലയിൽ കണ്ട ദൃശ്യങ്ങൾ ജസ്‌നയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top