മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ സിബിഐ എത്തുമോ; കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാര്‍; സിബിഐക്കായി ഹൈക്കോടതിയിലേക്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥ. 10 കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഈ ഏറ്റുമുട്ടല്‍. തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരാൻ സിബിഐ വരണമെന്നാണ് ആവശ്യം. മോൻസൻ മാവുങ്കല്‍ 10 കോടി തട്ടിച്ചുവെന്ന കേസിലെ പരാതിക്കാരായ എം.ടി. ഷമീർ, ഷാനുമോൻ എന്നിവർ കൊച്ചിയിൽ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

പരാതിക്കാരുടെ ആരോപണം ഇങ്ങനെ: “അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റെസ്റ്റം കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു. മോൻസന്റെ മകനുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണ്. വഴിയരികിലെ കടയിൽ വെച്ച് കണ്ടത് വീഡിയോയിൽ ചിത്രീകരിച്ചാണ് തെളിവായി പുറത്തുവിട്ടത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പരാതിക്കാരിൽനിന്ന് പണം കൈപ്പറ്റിയതിന്റെ രേഖകൾ കൈവശമുണ്ട്. മോൻസന് 10 കോടി രൂപ നൽകിയതിന്റെ രേഖകൾ കൈവശമുണ്ട്. അതിൽ ഭൂരിഭാഗവും ഹവാല പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം ശരിയല്ല. നഷ്ടപ്പെട്ട 10 കോടി എവിടെയെന്ന് പറയുന്നില്ല. കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയില്ല. അന്തര്‍സംസ്ഥാന ബന്ധമുള്ള വൻ സാമ്പത്തിക തട്ടിപ്പ് കേവലം രാഷ്ട്രീയ കേസാക്കി മാറ്റി. 2002 മുതൽ തുടങ്ങിയ തട്ടിപ്പിൽ ഉന്നത ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ കണ്ണികളാണ്. എന്നാൽ, 2018 മുതലുള്ള ഏതാനും ചിലത് മാത്രമാണ് അന്വേഷിച്ചത്.”- ഇവര്‍ പറയുന്നു.

ഇന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻപാകെ ഹാജരായി പരാതിക്കാര്‍ മൊഴി നല്‍കും. മോൻസന് പണം നല്‍കിയ ബാങ്ക് രേഖകളും ഇഡിക്ക്‌ കൈമാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top