സംശയമുള്ളവരുടെ പേരുകള്‍ സിബിഐയ്ക്ക് നല്‍കിയെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍; സര്‍ക്കാര്‍ കേസ് നാമാവിശേഷമാക്കിയെന്നും ആരോപണം
വയനാട് : സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച് സിബിഐയ്ക്ക് വിശദമായ മൊഴി നല്‍കിയെന്ന് പിതാവ് ജയപ്രകാശ്. സംശയമുളളവരുടെ പേരുകള്‍ സിബിഐയെ അറിയിച്ചിട്ടുണ്ട്. മരണം കൊലപാതകമാണെന്ന സംശയവും അറിയിച്ചു. കൈവശമുള്ള എല്ലാ വിവരങ്ങളും രേഖകളും കൈമാറിയതായും ജയപ്രകാശ് പറഞ്ഞു.
കേസില്‍ മുപ്പതോളം പേര്‍ക്ക് പങ്കുണ്ടെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ പോലീസ് ഇത് വേണ്ട വിധം അന്വേഷിച്ചില്ല. പ്രതിപട്ടികയില്‍ 20 പേരെ മാത്രം ഉള്‍പ്പെടുത്തി അവസാനിപ്പിച്ചു. അതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ട്. സര്‍ക്കാരും പോലീസും ചേര്‍ന്ന് കേസിനെ നാമാവിശേഷമാക്കിയെന്നും ജയപ്രകാശ് പറഞ്ഞു. വയനാട് എത്തിയാണ് ജയപ്രകാശ് സിബിഐയ്ക്ക് മൊഴി നല്‍കിയത്.
എസ്പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ക്രിമിനല്‍ ഗൂഡാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമ വകുപ്പുകളും ചേര്‍ത്ത് 20 പേര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എസ്എഫ്‌ഐ നേതാക്കളായ യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍ , എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിറ്റ് അംഗങ്ങളായ ആസിഫ് ഖാന്‍, എസ്.അഭിഷേക് ,കെ.അഖില്‍, ആര്‍.എസ്.കാശിനാഥന്‍, അമീന്‍ അക്ബറലി, കെ.അരുണ്‍, സിന്‍ജോ ജോണ്‍സണ്‍, ജെ.അജയ്, എ.അല്‍ത്താഫ്, ഇ.കെ.സൗദ് റിസാല്‍, ആദിത്യന്‍, മുഹമ്മദ് ധനീഷ്, റെഹാന്‍ ബിനോയ്, എസ്.ഡി.ആകാശ് , ആര്‍ ഡി.ശ്രീഹരി, ഡോണ്‍സ് ദായ്, ബില്‍ഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി.നസീര്‍, വി.അഭി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഐപിസി 120, 306, 323, 342, 506, 355, കേരള റാഗിംഗ് നിരോധന നിയമത്തിലെ സെക്ഷന്‍ 4, സെക്ഷന്‍ 4, 3 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here