ഡോ സന്ദീപ് ഘോഷിൻ്റെ വീട്ടിൽ സിബിഐ; വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നുണപരിശോധനക്ക് പിന്നാലെ അഴിമതി കേസിൽ റെയ്ഡ്

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ്. കേസുമായി ബന്ധപ്പെട്ട മറ്റ് 14 സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സന്ദീപ് ഘോഷ് ചുമതലയിലുണ്ടായിരുന്ന സമയത്തെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി ഹൈക്കോടതി ഉത്തരവ് പ്രകാരം കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്ന് മമത ബാനർജി സർക്കാർ നിയമിച്ച പ്രത്യേക സംഘം അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.
അതേസമയം, ഓഗസ്റ്റ് 9ന് പുലർച്ചെ മെഡിക്കൽ കോളേജിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ നുണപരിശോധന പൂർത്തിയായി. അറസ്റ്റിലായ സിവിക് പോലീസ് വോളണ്ടിയർ സഞ്ജയ്റോയി, ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരെയാണ് ഇന്നലെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയത്. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നുനുണപരിശോധന. സഞ്ജയ് റോയിയുടെ പോളിഗ്രാഫ് ടെസ്റ്റ് ജയിലിൽ വച്ചും മറ്റുള്ളവരുടെ പരിശോധന കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ വച്ചും നടന്നു.
മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് കേസിൽ സഞ്ജയ് റോയി അറസ്റ്റിലായത്. കൃത്യം നടന്ന ദിവസം പുലർച്ചെ ഇയാൾ ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിബിഐ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ആഗസ്റ്റ് 12 ന് സന്ദീപ് ഘോഷ് കോളേജ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചിരുന്നു. മണിക്കൂറുകൾക്കകം കൊൽക്കത്താ നാഷണൽ മെഡിക്കൽ കോളേജിൽ നിയമനം ലഭിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് തീരുമാനം സർക്കാർ റദ്ദാക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here