മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരെ കേസെടുത്ത് സിബിഐ; കെഎം എബ്രഹാമിന് കുരുക്കായി അനധികൃത സ്വത്ത് സമ്പാദനം

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന് എതിരെ കേസെടുത്ത് സിബിഐ. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ നടപടി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലാണ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് പരാതിക്കാരന്‍. ജോമോനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് സിബിഐ നടപടി തുടങ്ങിയത്. ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍ സിബിഐ സമര്‍പ്പിക്കും.
സിബിഐ കേസെടുക്കുന്നത് വൈകിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. ഹൈക്കോടതി എബ്രഹാമിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ സിബിഐക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഇത് പാലിച്ചില്ല. രേഖകള്‍ ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ സിബിഐ നല്‍കിയെങ്കിലും വിജിലന്‍സ് ഒരു നടപടിയും സ്വീകരിക്കാതെ പിടിച്ചുവച്ചു. ഇതോടെയാണ് സിബിഐ സ്വന്തം നിലയില്‍ തന്നെ നടപടി തുടങ്ങിയത്.
2015-ല്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കെഎം എബ്രഹാമിന് എതിരായ പരാതി. മുംബൈയില്‍ മൂന്ന് കോടിയുടെ ഫ്ലാറ്റ് തിരുവനന്തപുരത്ത് ഒരു കോടി മൂല്യമുള്ള ഫ്ലാറ്റ് കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും എബ്രഹാമിനുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ജോമോന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശമ്പളം ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഇഎംഐ ആയി അടച്ചിട്ടുണ്ടെന്ന രേഖകളും സമര്‍പ്പിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടില്ല. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലെ കോടികളുടെ ഇടപാടുകളുടെ വിവരങ്ങളും ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here