മതപരിവർത്തന ആരോപണം തള്ളി സിബിഐ; ലാവണ്യയുടെ ആത്മഹത്യയ്ക്കു കാരണം കന്യാസ്ത്രീ ചെലുത്തിയ മാനസിക സമ്മർദം

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ മുരുകാനന്ദം (17) ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തന ആരോപണം തള്ളി സിബിഐ റിപ്പോർട്ട്. കേസിലെ പ്രതിയും ഹോസ്റ്റൽ വാർഡനുമായ സിസ്റ്റർ സഹായ മേരി സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് സിബിഐ റിപ്പോർട്ടിലെ വിവരം പുറത്തുവന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് സിബിഐ ഈ മാസം 18ന് റിപ്പോർട്ട് സമർപ്പിച്ചത്.

ലാവണ്യക്കുമേൽ കേസിലെ ഏക പ്രതി സിസ്റ്റർ സഹായ മേരി ചുമത്തിയ മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്. വിചാരണ നടക്കുന്ന ട്രിച്ചി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദുചെയ്യണമെന്ന സഹായ മേരിയുടെ ഹർജിക്കെതിരെ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മതപരിവർത്തനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത് .

ലാവണ്യയുടെ ആത്മഹത്യക്ക് പിന്നില്‍ സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാല്‍ ആണെന്ന ആരോപണം സംഘപരിവാർ സംഘടനകൾ ഉയർത്തിയിരുന്നു. തന്നെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ സ്കൂള്‍ മാനേജ്മെൻ്റ് ശ്രമിച്ചു എന്ന മട്ടിൽ കുട്ടിയുടെ മരണമൊഴി എന്ന പേരിലുള്ള വീഡിയോ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രചരിപ്പിച്ചിരുന്നു. തമിഴ്നാട് പോലിസ് അന്വേഷിച്ച കേസിന്റെ ആദ്യ ഘട്ടത്തിൽ കുട്ടിയുടെ മാതാപിതാക്കൾ മതപരിവർത്തന ആരോപണം ഉന്നയിച്ചിരുന്നില്ല.

2022 ജനുവരി 19നാണ് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയായിരുന്ന ലാവണ്യ ജീവനൊടുക്കിയത്. പ്രാദേശിക വിശ്വഹിന്ദു പരിഷത് പ്രവർത്തകൻ മതപരിവർത്തന ആരോപണം ഉയർത്തിയതിനെ തുടർന്ന് ലാവണ്യയുടെ മരണം വിവാദമായിരുന്നു. പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നാലംഗ സമിതിയെ നിയോഗിച്ചതോടെ കേസ് ദേശീയ ശ്രദ്ധയിലെത്തി. ഇതിനിടെയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top