സോളാര്‍ പീഡനക്കേസ് ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ക്രിമിനല്‍ ഗൂഡാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി പ്രതിയായ കേസ് എങ്ങനെ പോലീസ്‌ അന്വേഷിക്കും? ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന കണ്ടെത്തല്‍ സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. അച്യുതാനന്ദന്റെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ പേരൊന്നും സി.ബി.ഐ റിപ്പോര്‍ട്ടിലില്ല. പിണറായി വിജയനെ രക്ഷിക്കാനാണ് അച്യുതാനന്ദന്റെ പേര് കയറ്റിയത്. സി.ബി.ഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പോകാനാണ് തീരുമാനം. നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സതീശന്‍ വിശദീകരിച്ചു.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയ ഒരു കേസ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്. സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ആ കേസിനെ ശക്തിപ്പെടുത്തണമോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണമോയെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജൂണ്‍ 19-ന് സര്‍ക്കാര്‍ പ്ലീഡര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്.

പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും ദല്ലാള്‍ നന്ദകുമാറായിരുന്നു ഇടനിലക്കാരനെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്ത പരാതിക്കാരിയുടെ കത്തിന് മേല്‍ അന്വേഷണം നടത്തി. ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചതോടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമല്ലാതായി. എന്നിട്ടും അന്വേഷണം തുടര്‍ന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പരാതിക്കാരിയെ വിളിച്ച് വരുത്തി സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.

കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധത്തിലാണ്. സി.ബി.ഐ റിപ്പോര്‍ട്ടിന് എതിരായാണ് നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്. യുഡി എഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ക്ക് പങ്കുണ്ടന്ന് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് എങ്ങനെ മുഖവിലയ്‌ക്കെടുക്കും? സി.ബി.ഐക്ക് കൊടുക്കാത്ത മൊഴിയാണ് നന്ദകുമാര്‍ പറഞ്ഞത്. ഇ.പി ജയരാജന്‍ പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്.

എം.വി ഗോവിന്ദന്റെ പരിപാടിയില്‍ പങ്കെടുക്കാതെ ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിക്കാണ് പോയത്. ജയരാജന് ദല്ലാള്‍ നന്ദകുമാറുമായി എന്താണ് ബന്ധം? കേരളഹൗസില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മുറിയിലേക്ക് വന്ന ദല്ലാള്‍ നന്ദകുമാറിനെ ഗെറ്റൗട്ട് അടിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയുള്ള ആളിന്റെ വീട്ടിലേക്ക് ഇ.പി ജയരാജന്‍ പോയത് എന്തിനാണ്? സി.ബി.ഐ റിപ്പോര്‍ട്ടില്‍ സി.പി.എം നേതാക്കളെന്നു മാത്രമെയുള്ളൂ. ഇനിയും എത്ര പേരുകള്‍ പുറത്ത് വരാനുണ്ടെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top