സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സിബിഐ വയനാട്ടില്‍; എസ്പിയുമായി കൂടിക്കാഴ്ച നടത്തി; പൂക്കോട് വെറ്ററിനറി കോളേജില്‍ പരിശോധന നടത്തും
വയനാട് : സിദ്ധാര്‍ത്ഥന്റെ മരണം അന്വഷിക്കാന്‍ സിബിഐ വയനാട്ടില്‍. എസ്പി റാങ്കിലുളള ഉദ്യോഗസ്ഥനടക്കം നാലംഗ സംഘമാണ് എത്തിയത്. വയനാട് എസ്പി ടി. നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി ടി.എസ് സജീവ് കേസിന്റെ വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറി. നിലവില്‍ വൈത്തിരിയിലെ റസ്റ്റ് ഹൗസിലുള്ള സംഘം ഇന്ന് തന്നെ പൂക്കോട് വെറ്ററിനറി കോളേജില്‍ പരിശോധന നടത്തുമെന്നാണ് വിവരം.
ഇന്നലെയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. മാര്‍ച്ച് 9നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസ് എറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയും നല്‍കി. ഇതിന് പിന്നാലെ അതിവേഗം വയനാട് എത്തി അന്വേഷണം തുടങ്ങുകയായിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം യൂണിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്താകും അന്വേഷിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here