ജെസ്ന തിരോധാനക്കേസ് തുടരന്വേഷിക്കാമെന്ന് സിബിഐ കോടതിയില്‍; തെളിവുകള്‍ ഹാജരാക്കിയാല്‍ അച്ഛന്‍റെ ആരോപണങ്ങളില്‍ അന്വേഷണം നടത്താം
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ തിരുവനന്തപുരം സിജിഐ കോടതിയില്‍ തീരുമാനം അറിയിച്ചത്. ജെസ്നയുടെ അച്ഛന്‍ ജെയിംസ് ജോസഫ് ആരോപിക്കുന്ന കാര്യങ്ങളില്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. തെളിവുകള്‍ ഹാജരാക്കിയാല്‍ പരിശോധിച്ചശേഷം തുടരന്വേഷണം ആകാമെന്നാണ് സിബിഐയുടെ നിലപാട്. ഇതോടെ രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ജെയിംസിനോട് കോടതി അറിയിച്ചു. കേസ് അടുത്തമാസം മൂന്നിലേക്ക് മാറ്റി.
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയ്ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താനായില്ല എന്ന റിപ്പോര്‍ട്ടായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ജെസ്ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അച്ഛന്‍ ജെയിംസ് ആവശ്യപ്പെട്ടിരുന്നു.
ജെസ്നയുടെ കേസില്‍ സിബിഐക്ക് കണ്ടെത്താന്‍ കഴിയാത്ത പല വിവരങ്ങളും തനിക്ക് കിട്ടിയെന്ന് അച്ഛന്‍ ജെയിംസ് അവകാശപ്പെട്ടിരുന്നു. ജെസ്നയുടെ സഹപാഠിയായ സുഹൃത്തല്ല, മറ്റൊരു സുഹൃത്താണ് എല്ലാത്തിനും പിന്നില്‍. അയാളെക്കുറിച്ച് താന്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ജെയിംസ് വ്യക്തമാക്കിയിരുന്നു. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതായത്. ഇതുപോലെ പല വ്യാഴാഴ്ചകളില്‍ ജെസ്ന കോളജില്‍ എത്താത്ത ദിവസങ്ങള്‍ ഉണ്ടെന്നാണ് ജെയിംസിന്‍റെ കണ്ടെത്തല്‍.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് 2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് പോയത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടിരുന്നു. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. രക്ഷയില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ഒടുവിൽ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here