നിർണായക കണ്ടെത്തെലുമായി സിബിഐ; വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ മുൻ പ്രിൻസിപ്പൽ കുടുക്കിലേക്കോ

കൊൽക്കത്ത ആർജി കർ മെഡിക്കല്‍ കോളേജിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം. സന്ദീപ് ഘോഷ് പറഞ്ഞതും ആശുപത്രിരേഖകളും തമ്മിൽ പൊരുതപ്പെടുന്നില്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ കണ്ടെത്തി. കൊലപാതകം നടക്കുമ്പോൾ സന്ദീപ് ഘോഷ് എവിടെയായിരുന്നു, മരണ വിവരം അറിയിച്ചത് ആരാണ്, വീട്ടുകാരെ അറിയിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടികൾ തൃപ്തികരമല്ലെന്നാണ് കേന്ദ്ര ഏജൻസി വൃത്തങ്ങൾ നൽകുന്ന വിവരം.

കൊല്ലപ്പെട്ട ഡോക്ടറുടെ സഹപാഠികൾ നൽകിയ മൊഴികളും, ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി ചാർട്ടിലെ വിവരങ്ങളും സന്ദീപിൻ്റെ വിശദീകരണവുമായി ഒത്തു പോകുന്നതല്ലെന്ന് സിബിഐ കണ്ടെത്തി. വനിതാ ഡോക്ടർ തുടർച്ചയായി 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നെന്നും വ്യക്തമായിട്ടുണ്ട്. സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. എട്ടു മണിക്കൂറാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.

സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ ആഗസ്റ്റ് 12 നാണ് സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ പദവി രാജിവെച്ചത്. ഈ മാസം ഒൻപതിന് പുലര്‍ച്ചെയായിരുന്നു പിജി വിദ്യര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top