എമിലി ദമാരി, റോമി ഗോണെൻ… വിട്ടയക്കാനുള്ളവരുടെ പേരു പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ നിലവിൽ വന്നു
ആദ്യഘട്ടത്തിൽ മോചിപ്പിക്കാനുള്ള 33ൽ മൂന്ന് സ്ത്രീകളുടെ പട്ടിക ഇസ്രയേലിന് ഹമാസ് നൽകിയതും ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ നിലവിൽ വന്നു. ആദ്യമുണ്ടാക്കിയ കരാറിൽ നിന്നും ഏതാനും മണിക്കൂർ വൈകിയപ്പോൾ വ്യാപക ആശങ്ക ഉടലെടുത്തിരുന്നു. ധാരണയിലെത്തിയ ശേഷവും ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നതാണ് വൈകാൻ കാരണമെന്ന് പാലസ്തീൻ പക്ഷം വിശദീകരിക്കുന്നുണ്ട്. എന്നാൽ വിട്ടയക്കാനുള്ളവരുടെ പട്ടിക കിട്ടാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു സൈന്യത്തിന് കർശന നിർദേശം നൽകിയിരുന്നു.
ദോറ സ്റ്റീൻബ്രെകർ, എമിലി ദമാരി എന്നിവരാണ് ഹമാസ് ഇസ്രയേലിന് നൽകിയ പട്ടികയിലെ ആദ്യപേരുകാർ. 2023 ഒക്ടോബർ 7ന് കിബുട്സ് കാർ ആസയിലെ അപാർട്ട്മെൻ്റുകൾ ആക്രമിച്ചാണ് ഇരുവരെയും കടത്തിക്കൊണ്ട് പോയത്. ഇവരിൽ യുകെ പൌരത്വവുമുള്ള ദമാരിക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. ഉടനടി മോചനം നേടുന്ന മൂന്നാമത്തേയാൾ റോമി ഗോണെൻ എന്ന 24കാരിയാണ്. 2023 നവമ്പർ 7ന് നടന്ന നോവാ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് റോമിയെ തട്ടിക്കൊണ്ടുപോയത്. തനിക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവതികളെ അവർ കൊലപ്പെടുത്തിയതായി അമ്മയ്ക്കുള്ള സന്ദേശത്തിൽ റോമി അറിയിച്ചിരുന്നു.
ആദ്യഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കണം എന്നാണ് കരാർ. ഇത് ആറ് ആഴ്ചക്കുള്ളിൽ ഉണ്ടാകണം. ഇതിന് പകരമായി ഇസ്രയേൽ ജയിലുകളിലുള്ള രണ്ടായിരത്തോളം പാലസ്തീൻ തടവുകാരെ മോചിപ്പിക്കണം. 15 മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് കൊണ്ടാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here