കേരളം ദുരന്ത മുന്നറിയിപ്പ് അവഗണിച്ചു; ഒരു നടപടിയും സ്വീകരിച്ചില്ല ; കടുത്ത വിമര്‍ശനവുമായി അമിത്ഷാ
വയനാട്ടിലടക്കം കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ദുരന്ത സാഹചര്യം മുന്‍കൂട്ടി കണ്ട് ഒന്‍പത് യൂണിറ്റ് എന്‍ഡിആര്‍എഫ് ടീമിനെ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ വിന്യസിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രതയോടെയുളള പ്രവര്‍ത്തനം ഉണ്ടായില്ലെന്നും അമിത്ഷാ വിമര്‍ശിച്ചു. രാജ്യസഭയിലാണ് അമിത്ഷാ ഈ വിമർശനം ഉന്നയിച്ചത്.
ജൂലൈ 23ന് തന്നെ ആദ്യ മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. തുടര്‍ന്നുളള ദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയും അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഒന്നും ചെയ്തില്ല. കേന്ദ്രം നിര്‍ദേശിച്ച തരത്തിലുളള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങളില്‍ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത സംസ്ഥാനങ്ങളില്‍ ഇത്തരം ദുരന്തങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here