25 വർഷത്തെ പെട്രോൾ പമ്പ് അനുമതി രേഖകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി; ‘കണ്ണൂരിലെ വിവാദ എൻഒസിയിൽ നടപടി ഉടൻ’


പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി സുരേഷ് ഗോപി. എംഡിഎമ്മിൻ്റെ മരണത്തിന് ഇടയാക്കിയ വിവാദ എന്‍ഒസിയില്‍ അന്വേഷണം നടക്കുകയാണ്. അതിനുവേണ്ട ഔദ്യോഗിക നടപടികൾ ആദ്യ ദിവസം തന്നെ സ്വീകരിച്ചു. അതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുന്നതായിരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. ആത്മഹത‍്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ബാബുവിന്റെ മരണത്തില്‍, മാധ്യമങ്ങൾ സംശയിക്കുന്നപോലെ താനും സംശയിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ 25 വർഷത്തിനകത്ത് നൽകിയ പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കേണ്ടി വരും. പെട്രോൾ പമ്പുകൾക്ക് എൻഒസി ലഭിച്ചതുമായി സംബന്ധിച്ച പരാതികളും അന്വേഷിക്കും. പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ‍്യോഗസ്ഥർ വിവരങ്ങൾ തനിക്ക് കൈമാറുന്നുണ്ട്. കോടതിയാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര മന്ത്രി വ‍്യക്തമാക്കി.


പെട്രോളിയം മന്ത്രാലയത്തിൻ്റെ പോളിസി ലംഘിച്ച് നടപടിയെടുക്കുന്നത് ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. നവീൻ്റെ കുടുംബം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വരവ് ആശ്വാസമായി എന്നാണ് അവർപറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യ യാത്രയയപ്പു ചടങ്ങിൽ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് എന്നാണ് ആരോപണം. സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് നവീൻ ബാബുവിന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ നടന്ന യാത്രയയപ്പു ചടങ്ങിന് ശേഷം ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. യാത്രയയപ്പു സമയത്ത് ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു നവീന്‍ ആത്മഹത്യ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top