പിണറായിക്ക് തലവേദനയായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? മോദിയുമായി കൂടിക്കാഴ്ച; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി നല്‍കുമോയെന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാ വിഷയം. പിണറായി വിജയന്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാനെ നിലനിര്‍ത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് ഉള്ളതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്.
5 വര്‍ഷത്തേക്കാണ് ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി നിയമിക്കുന്നത്. നിയമന കാലാവധി തീരുന്നതിന് മുന്‍പായി രാഷ്ട്രപതിക്ക് ചുമതല നീട്ടി നല്‍കാം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ തുടരട്ടെയെന്ന് ധാരണയായിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രഖ്യാപനം സെപ്റ്റംബര്‍ ആദ്യം തന്നെയുണ്ടാകും.
ലോകായുക്ത നിയമ ഭേദഗതി, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് തുടങ്ങി നിയമസഭ പാസാക്കിയ ബില്ലുകള്‍ തടയുകയും അതില്‍ കൃത്യമായ നിയമപോരാട്ടം നടത്തുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാന സര്‍ക്കാരിന് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചത്. ഇതോടൊപ്പം സര്‍വ്വകലാശാലകളിലെ ദൈനംദിന ഭരണത്തിലും കൃത്യമായ ഇടപെടല്‍ ചാന്‍സലര്‍ എന്ന നിലയില്‍ നടത്തുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്നുണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വിലയിരുത്തല്‍. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ ഭൂരിഭാഗവും ഗവര്‍ണര്‍ നിയമിച്ചവരാണ് വിസിയുടെ താത്കാലിക സ്ഥാനം വഹിക്കുന്നത്. കൂടാതെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ബിജെപിക്കാരെ എത്തിക്കാനും ഗവര്‍ണര്‍ക്ക് കഴിഞ്ഞു.
ഒരു സമയത്ത് കേരളത്തിലെ ബിജെപി നേതാക്കളെക്കാള്‍ വീറോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പോരാടിയതും മാധ്യമങ്ങളിലൂടെ പ്രതികരിച്ചതും. റോഡില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ കാറില്‍ നിന്നിറങ്ങി നേരിട്ടതും പ്രതിഷേധക്കാരെ ആകെ വെല്ലുവിളിച്ച് കോഴിക്കോട് മിഠായി തെരുവില്‍ അടക്കം ഇറങ്ങി നടന്നും ഗവര്‍ണര്‍ വാര്‍ത്തയിലെ താരമായി. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള സംഭവങ്ങളില്‍ കൃത്യമായ ഇടപെടല്‍ ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍ കേസിലടക്കം ജനങ്ങളുടെ കൈയ്യടി നേടുന്ന നടപടികളും ഉണ്ടായി.
ഇതുവരെ ഉളള ഗവര്‍ണര്‍മാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ദുരന്ത മേഖലയിലേക്കും ഓടിയെത്തുന്ന രീതിയും ആരിഫ് മുഹമ്മദ് ഖാനുണ്ട്. ഒടുവില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ മുഖ്യമന്ത്രിക്കും മുമ്പ് എത്തിയതും ഗവര്‍ണറായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ നേട്ടത്തില്‍ ഗവര്‍ണറുടെ പങ്കും ചെറുതല്ല. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ തുടരും എന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നത്. സിപിഎമ്മും ഗവര്‍ണറുടെ കാര്യത്തിലെ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here