വീണയെ ഇഡി ചോദ്യം ചെയ്യുന്നത് വലിയ വിഷയമല്ല; കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് ബിജെപിക്ക് ഫണ്ട് പിരിക്കാനുളള ഗുണ്ടാപ്പണി; എംവി ഗോവിന്ദന്‍
ആലപ്പുഴ : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഇഡി ചോദ്യം ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആരെ വേണമെങ്കിലും ചോദ്യം ചെയ്‌തോട്ടെ. ഇഡി നടപടികള്‍ ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിലടച്ച ഫാസിസമാണ് രാജ്യത്ത് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനപ്പുറവും നടക്കും. ബിജെപിക്ക് ഫണ്ട് പിരിക്കാനുളള ഗുണ്ടാപണിയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.
എക്‌സാലോജിക്ക് – സിഎംആര്‍എല്‍ ഇടപാടില്‍ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ല. രണ്ട് കമ്പനികള്‍ തമ്മിലുളള നിയമപരമായ ഇടപാടെന്ന് മാത്രമേ പാർട്ടി പറഞ്ഞിട്ടുള്ളൂ. ഈ ഇടപാടിന്റെ പേരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചപ്പോഴാണ് പ്രതിരോധിച്ചത്. നിയമപരമായ പരിശോധന നടക്കട്ടേയെന്ന നിലപാടില്‍ ഒരുമാറ്റവുമില്ല. മൂന്ന് ഏജന്‍സി അന്വേഷിക്കുന്നുണ്ട്. അതൊന്നും സിപിഎമ്മും ഇടതു മുന്നണിയും അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതു കൊണ്ടെന്നും ബിജെപി ഒരിടത്തും വിജയിക്കില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോണ്‍ഗ്രസിന് ഫാസിസത്തെ നേരിടാന്‍ എങ്ങനെ സാധിക്കുമെന്നും ഗോവിന്ദന്‍ പരിഹസിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here