കേന്ദ്ര ഏജന്‍സികള്‍ ഫണ്ട് ഉറപ്പാക്കാനുള്ള ബിജെപിയുടെ ജെയിംസ് ബോണ്ടോ..? ആദ്യം റെയ്ഡ്, പിന്നാലെ ബോണ്ട് വാങ്ങല്‍; പുറത്തു വരുന്നത് കോണ്‍ഗ്രസ് ആരോപണങ്ങളെ ശരിവയ്ക്കുന്ന വിവരങ്ങള്‍
ഡല്‍ഹി : ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പണം പിടിച്ചു വാങ്ങുകയാണെന്ന ആരോപണം കോണ്‍ഗ്രസ് എല്ലാകാലത്തും ഉയര്‍ത്തുന്നതാണ്. പല വന്‍കിട കമ്പനികളിലും ഇഡി റെയ്ഡ് നടക്കുകയും പിന്നീട് തുടര്‍ നടപടി ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് ഉയര്‍ത്തിയാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിച്ചത്. ഇത്കൂടാതെ മറ്റ് പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ ഇഡിയടക്കമുളള ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തില്‍ എത്തിക്കുന്നുവെന്ന ആരോപണവുമുണ്ട്. എന്നാല്‍ ഇവയെല്ലാം തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ മാത്രമായിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇലക്ടറൽ ബോണ്ടിന്റെ വിവരങ്ങള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ബിജെപി സര്‍ക്കാരിന് പണം പിരിക്കാനോ പിടിച്ചു വാങ്ങാനോയുള്ള സമര്‍ദ്ദ ശക്തിയായി ഇഡിയടക്കം മാറിയെന്നത് വ്യക്തമാവുകയാണ്. ഇത് തെളിയിക്കുന്ന ഇലക്ട്രല്‍ ബോണ്ടിലെ ചില കണക്കുകള്‍ ഇവയാണ്.
ഏറ്റവും അധികം ഇലക്ടറൽ ബോണ്ടുകള്‍ വാങ്ങിയത് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ്ങ് എന്ന കമ്പനി. ഈ കമ്പനിയില്‍ നിരവധി തവണ ഇഡി റെയ്ഡ് നടത്തി. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിക്കൂട്ടിയത് 1368 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. അരബിന്ദോ ഫാര്‍മ്മ എംഡിയെ 2022 നവംബര്‍ 10ന് അറസ്റ്റ് ചെയ്തു. പിന്നാലെ ഈ കമ്പനിയും കോടികളുടെ ഇലക്ടറ ബോണ്ടു വാങ്ങി. അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഈ ഇടപാടും നടന്നത്.
2023 ഡിസംബര്‍ 20ന് ഷിര്‍ദിസായ് ഇലക്ട്രിക്കല്‍സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അടുത്തമാസം 11ന് കമ്പനി സംഭാവന നല്‍കിയത് 40 കോടി രൂപയാണ്.
ഡോ.റെഡ്ഡീസില്‍ 2023 നവംബര്‍13ന് ഇന്‍കം ടാക്‌സ് പരിശോധന നടന്നു. ഒക്ടോബറില്‍ കോടികള്‍ മുടക്കി ബോണ്ട് വാങ്ങി.
കല്‍പതരൂ പ്രോജക്ട്‌സില്‍ 2023 ആഗസ്റ്റ് നാലിന് ഇന്‍കം ടാക്‌സ് റെയ്ഡ്. സെപ്തംബര്‍ 10ന് ബോണ്ടു വാങ്ങി.
മൈക്രോ ലാബ്‌സില്‍ 2022 ജൂലൈ 14ന് ഐടി റെയ്ഡ്. ഒക്ടോബർ 10ന് ബോണ്ട് വാങ്ങി.
ഹീറോ മോട്ടോര്‍കോപില്‍ 2022 മാര്‍ച്ച് 31ന് ഐടി റെയ്ഡ്. ഒക്ടോബര്‍ ഏഴിന് ബോണ്ട് വാങ്ങി.
യശോദ ഹോസ്പിറ്റല്‍സില്‍ 2020 ഡിസംബർ 26ന് ഐടി റെയ്ഡ്. 2021 ഏപ്രിലില്‍ ബോണ്ട് വാങ്ങി. ഇവയെല്ലാം കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലും പല കമ്പനികളും കോടികളുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.
ടോറന്റ് പവര്‍ ഇലക്ടറല്‍ എന്ന കമ്പനി 2024 ജനുവരി 10ന് ബോണ്ട് വാങ്ങി. പിന്നാലെ പിഎം കുസും പദ്ധതിയുടെ 1540 കോടിയുടെ ടെന്‍ഡറാണ് ഈ കമ്പനിയ്ക്ക് ലഭിച്ചത്.
ആപ്‌കോ ഇന്‍ഫ്ര 2022 ജനുവരി 10ന് ബോണ്ട് വാങ്ങി. പിന്നാലെ അടുത്തമാസം 24ന് മെര്‍സോവ സീലിങ്ങ് പദ്ധതിയുടെ 9000 കോടിയുടെ പദ്ധതി ഈ കമ്പനിയ്ക്ക് ലഭിച്ചു.
മേഘ എന്‍ജിനീയറിങ് കമ്പനി 140 കോടിയുടെ ബോണ്ട് വാങ്ങി. അടുത്ത മാസം ലഭിച്ചത് 14400 കോടിയുടെ താനെ-ബോറിവലി ഇരട്ട ടണല്‍ നിര്‍മ്മാണ കരാര്‍. 2020 ഓഗസ്റ്റില്‍ 4500 കോടിയുടെ മറ്റൊരു കരാര്‍ പിന്നാലെ 20 കോടി സംഭവാന. 2022 ഡിസംബറില്‍ 56 കോടി സംഭാവന പിന്നാലെ ബികെസി ബുള്ളറ്റ് ട്രയിന്‍ സ്റ്റേഷന്‍ കരാര്‍.
ജിന്‍ഡാല്‍ സീറ്റില്‍ ആന്റ് പവര്‍ 2022ല്‍ 25 കോടി സംഭാവന. പിന്നാലെ ലഭിച്ചത് ഗാരെ പാല്‍മ കല്‍ക്കരി ഖനി കമ്പനിയ്ക്ക് ലഭിച്ചു.
2021 മാര്‍ച്ചില്‍ വേദാന്തക്ക് രാധികപൂര്‍ വെസ്റ്റ് കല്‍ക്കരി ഖനി ലഭിച്ചു. പിന്നാലെ 25 കോടിയുടെ ബോണ്ട് വാങ്ങി.
ഇവയെല്ലാം പുറത്തു വന്ന കണക്ക് മാത്രമാണ്. നാളെ ഇലക്ടറൽ ബോണ്ടിന്റെ വിശദമായ കണക്കുകള്‍ തിരിച്ചറിയല്‍ നമ്പറടക്കം എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കും. ഇതിലൂടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളും ഇതിലൂടെ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പണം ലഭിച്ചതെന്നും വ്യക്തമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here