4866 കോടികൂടി കടമെടുക്കാന്‍ അനുമതി; കടമെടുപ്പ് വൈദ്യുത മേഖലയിലെ നഷ്ടം നികത്താന്‍; ഇതോടെ കേന്ദ്രം അനുമതി നല്‍കിയ 13608 കോടി പൂര്‍ണ്ണമായും കടമെടുക്കാം

തിരുവനന്തപുരം : കേരളത്തിന് കൂടുതല്‍ കടമെടുപ്പിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 4866 കോടികൂടി കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വൈദ്യുത മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കാണ് കടമെടുപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസമാണ്. ഇതോടെ കേന്ദ്രം അനുമതി നല്‍കിയ 13608 കോടി രൂപയും കേരളത്തിന് കടമെടുക്കാനാകും.

വൈദ്യുത മേഖലയിലെ നഷ്ടം നികത്താന്‍ കടമെടുക്കാന്‍ കേരളത്തിന് അർഹതയുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള അനുമതി വൈകിയതിനാല്‍ ഇത് സാധിച്ചില്ല. കേന്ദ്രവുമായി സംസ്ഥാനം നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം കേരളം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നാണ് മാര്‍ച്ച് പകുതിയോടെ കടമെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. നഷ്ടം നികത്താന്‍ കേരളം ആവശ്യപ്പെട്ട മുഴുവന്‍ തുകയും കടമെടുക്കാന്‍ അനുമതി ലഭിച്ചു.

സുപ്രീംകോടതിയില്‍ കേരളം നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെ 13608 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കിയതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതില്‍ 5000 കോടി ഈ മാസം രണ്ടാം ആഴ്ചയില്‍ ലഭിച്ചു. ഇതിലൂടെയാണ് ട്രഷറിയിലെ കടുത്ത പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞത്. ക്ഷേമപെന്‍ഷന്‍ കുടിശികയുടെ ആദ്യഗഡു വിതരണവും സാധ്യമാക്കിയത്. കേസ് സുപ്രീംകോടതി മാര്‍ച്ച് 21ന് പരിഗണിക്കുന്നുണ്ട്. അനുകൂല നിരീക്ഷണം സുപ്രീംകോടതിയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top