ലബനനിൽ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു
ലബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്നു. സെൻട്രൽ ബെയ്റൂട്ടിലെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരുക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് റുഫൈദ സ്കൂൾ. ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു.
അൽ-അഖ്‌സ ആശുപത്രി പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇവിടെ ഇല്ല. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.
വ്യോമാക്രമണത്തിനൊപ്പം തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതൽ കരയാക്രമണവും നടത്തുന്നുണ്ട്. ഹിസ്ബുള്ളയുടെ ആയുധശേഷിയാണ് ഇസ്രയേല്‍ ലക്ഷ്യം. മിസൈലുകൾ, റോക്കറ്റ്‌വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ ഇസ്രയേൽ തകര്‍ത്തിട്ടുണ്ട്. ഇസ്രയേൽ അതിർത്തിയിലേക്കെത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here