കേന്ദ്ര വനം മന്ത്രി വയനാട്ടിലേക്ക്; കേരളത്തിലുള്ളത് ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞ മന്ത്രിമാരെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: വന്യജീവി ആക്രമണം തുടരുന്ന വയനാട്ടില്‍ സന്ദര്‍ശനം നടത്താന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര വനംവകുപ്പ് മന്ത്രി ബുധനാഴ്ച വയനാട്ടില്‍ എത്തുന്നത്.
കേരളത്തിലുള്ളത് ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞ മന്ത്രിമാരാണെന്നും വയനാട്ടിലെ പ്രശ്നം പരിഹരിക്കാന്‍ ഇവരെക്കൊണ്ട് ആകില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇരുപത്തിയഞ്ച് വര്‍ഷം പുറകിലാണ് കേരളത്തിലെ മന്ത്രിമാര്‍. വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയില്ല. പുത്തന്‍ സാങ്കേതിക വിദ്യകള്‍ അറിയുന്ന ഫോറസ്റ്റ് ഗാര്‍ഡുകള്‍ കേരളത്തില്‍ ഇല്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മന്ത്രിമാരായ എ.കെ.ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു മാധ്യമങ്ങളോടുള്ള സുരേന്ദ്രന്റെ പ്രതികരണം.
“ആണ്ടിനും സംക്രാന്തിക്കും മാത്രമാണ് വയനാട്ടിലെ എംപിയായ രാഹുല്‍ ഗാന്ധി എത്തുന്നത്. ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ തയാറായാല്‍ അത് ശാപമായിരിക്കും. രാമനാട്ടുകരയിലും അടിവാരത്തും വന്ന് പൊറോട്ട കഴിച്ച് പോകാനല്ല വയനാട്ടുകാര്‍ രാഹുലിനെ തിരഞ്ഞെടുത്തത്. എംപി എന്ന നിലയില്‍ അദ്ദേഹം ദയനീയ പരാജയമാണ്” സുരേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി സാധ്യതകളെ കുറിച്ചും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തില്‍ മോദി തരംഗമുണ്ടാകും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് സീറ്റുകളില്‍ ബിജെപി ജയിക്കും. വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here