നിമിഷപ്രിയയെ കാണാൻ അമ്മയ്‌ക്ക് വഴിയില്ല; യെമനിൽ സുരക്ഷ ഒരുക്കാൻ പറ്റില്ലെന്ന് കേന്ദ്രം

ഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ കാത്ത് കിടക്കുന്ന മലയാളി നഴ്‌സ്‌ നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതിയില്ല. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടിയാണ് വിശേഷകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. വധശിക്ഷ ഇളവ് ചെയ്യാൻ നിമിഷപ്രിയ നൽകിയ ഹർജി ഇക്കഴിഞ്ഞ നവംബർ 13ന് യെമൻ സുപ്രീം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ്, നിമിഷയുടെ മോചനത്തിനായി നേരിട്ട് യെമനിൽ പോകാൻ അമ്മ പ്രേമമേരി കേന്ദ്ര അനുമതി തേടിയത്.

യെമനിൽ ആഭ്യന്തര കലാപം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ല. നിമിഷയുടെ കുടുംബം യെമൻ സന്ദർശിച്ചാൽ സുരക്ഷ ഒരുക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മന്ത്രാലയം ഡയറക്ടർ തനൂജ് ശങ്കറാണ് ഇത് സംബന്ധിച്ച കത്ത് പ്രേമമേരിക്ക് കൈമാറിയത്. മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണി അഥവാ ദയാധനം സ്വീകരിക്കാൻ തയ്യാറാക്കാത്തത് നിമിഷയുടെ മോചനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വധശിക്ഷ എന്ന് നടപ്പാക്കുമെന്ന് വ്യക്തമല്ല.

2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന നിമിഷയ്ക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് പാസ്പോർട്ട് പിടിച്ചുവക്കുകയും ഭാര്യയാക്കാൻ ശ്രമിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് നിമിഷയുടെ അഭിഭാഷകൻ യെമൻ സുപ്രീംകോടതിയിൽ പറഞ്ഞു. സഹപ്രവർത്തകരായ രണ്ടുപേരുടെ നിർദേശപ്രകാരം അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻ സ്വദേശിയായ ഹനാൻ എന്ന യുവാവും കേസിൽ അറസ്റ്റിലായിട്ടുണ്ട്. വധശിക്ഷക്ക് വിധിച്ചതോടെ സനായിലെ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top