എസ്ഡിപിഐയെ നിരോധിക്കും; നിരോധിത സംഘടന വേഷം മാറിയതാണെന്ന് ഇഡി

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) പിടികൂടിയ സാചര്യത്തിൽ സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് അറിയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ ഡൽഹി ഇന്ദിര ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 2022ൽ നിരോധിക്കപ്പെട്ട തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനയുടെ രാഷ്ട്രീയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI). രണ്ട് പേരുകളിൽ അറിയപ്പെട്ടെങ്കിലും രണ്ടു സംഘടനകളുടെയും അണികളും ലക്ഷ്യവും സാമ്പത്തിക ശ്രോതസുകളും ഒന്നുതന്നെ എന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ഇക്കാര്യം അസാധാരണമാം വിധം വിശദീകരിച്ച് കൊണ്ടാണ് ഇഡി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പ് പുറത്തിറക്കിയതും.
എസ്ഡിപിഐയുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ ഇന്ന് റെയ്ഡ് നടത്തുകയാണ്. മലപ്പുറത്തെ എസ്ഡിപിഐ ജില്ലാ കമ്മറ്റി ഓഫീസിൽ റെയ്ഡ് രാവിലെ തുടങ്ങി. എസ്ഡിപിഐക്കായി വ്യാപകമായി പണം ശേഖരിക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും നിരോധിത സംഘടനയാണ് എന്നാണ് ഇഡി കണ്ടെത്തൽ. കേരളത്തിൽ കഴിഞ്ഞ നിയമസഭ -പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിലെ ചെലവിനത്തിൽ 3.75 കോടിരൂപ എസ്ഡിപിഐക്ക് നിരോധിത സംഘടന നൽകിയതിൻ്റെ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐക്കു വേണ്ടി നിരന്തരം നടത്തുന്ന പിരിവുകൾ, ചെലവുകൾ ഇതെല്ലാം രേഖപ്പെടുത്തിയ ഡയറി, രസീത്, ബാങ്ക് രേഖകൾ ഇതെല്ലാം അന്വേഷണ ഏജൻസിക്ക് കിട്ടിയിണ്ട്. റംസാൻ്റ മറവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധാരാളമായി കിട്ടിയ പണം ഉപയോഗിച്ച് അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തിയതായും ഇഡി പറയുന്നുണ്ട്.

2018 മുതൽ ദേശീയ പ്രസിഡൻ്റായ എം കെ ഫൈസിക്ക്, നിരോധിത സംഘടനയുടെ ഈ പണപ്പിരിവുകളെ കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ട് എന്നാണ് എൻഫോഴ്‌സ്മെൻ്റ് ഏജൻസിയുടെ നിഗമനം . സംശയാസ്പദമായ അക്കൗണ്ടുകൾ വഴി വന്ന 4 കോടി 7 ലക്ഷത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി 12 തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ മുങ്ങിനടന്ന വ്യക്തിയെയാണ് ഇഡി ഡൽഹി എയർപോർട്ടിൽ നിന്ന് പൊക്കിയത്.
രാഷ്ട്രീയ സംഘടനയായി രജിസ്റ്റർ ചെയ്തിട്ടുള്ള എസ്ഡിപിഐക്കായി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും പ്രചാരണ ചിലവുകൾ അടക്കം വഹിക്കുകയും ചെയ്യുന്നത് നിരോധിത സംഘടനയാണ്. 2020 ഡിസംബർ മൂന്നിന് കോഴിക്കോട് ഈ സംഘടനയുടെ ആസ്ഥാനമായ യൂണിറ്റി ഹൗസിൽ നടത്തിയ റെയ്ഡിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന നിർണായകമായ ഒട്ടേറെ രേഖകൾ ലഭിച്ചിരുന്നു. ഇവിടെ നിന്ന് പിടിച്ചെടുത്ത സംഘടനയുടെ ‘കൺസപ്ച്ച്വൽ ക്ലാരിറ്റി’ (Conceptual Clarity) എന്ന സംഘടനാ പേപ്പറിൽ എസ്ഡിപിഐ ഇസ്ലാമിക് മൂവ്മെൻ്റുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇഡി പറയുന്നു. ജിഹാദാണ് സംഘടനയുടെ മുഖ്യ ലക്ഷ്യമെന്നും ഈ രേഖയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
2022 സെപ്റ്റംബർ 28നാണ് കേന്ദ്രം ഈ തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനയെ നിരോധിച്ചത്. ഇപ്പോൾ ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത്രയധികം വിവരങ്ങൾ ശേഖരിച്ച സാഹചര്യത്തിൽ എസ്ഡിപിഐയെയും നിരോധിക്കാതിരിക്കാൻ കാരണമില്ല. അതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റും റെയ്ഡുകളും. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിയെന്ന നിലയിലാണ് 2022ലെ നടപടിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ നിരോധന ശേഷം സാമ്പത്തിക ഇടപാടുകൾ അടക്കം പ്രധാന പ്രവർത്തനങ്ങളിൽ എസ്ഡിപിഐയുടെ പല തട്ടിലുള്ള നേതാക്കൾ ഉൾപ്പെടുന്നതായും കണ്ടെത്തി. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളും ഉടൻ ഉണ്ടായേക്കും.
2022ലെ നിരോധനത്തിന് ശേഷം വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഈ സംഘടനകളുടെ 61.72 കോടിയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത സംഘടനയുടെ 26 ദേശീയ, സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ടുണ്ട്. ഇതിനു പുറമെ 80ലധികം പ്രധാന പ്രവർത്തകരും ജയിലിലാണ്. 1997ൽ കേരളത്തിൽ രൂപമെടുത്ത നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് (എൻഡിഎഫ്) ആണ് 2007ൽ പുതിയ പേരിൽ വേഷം മാറിയത്. എൻഡിഎഫിൻ്റെ തന്നെ കാർമികത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന പല സംഘടനകളും ഇതിൽ ലയിച്ചുപ്രവർത്തിച്ച് വരികയായിരുന്നു. ഇതിനൊക്കെ വളരെ മുമ്പ് 2002-2003ൽ കാലയളവിൽ കോഴിക്കോടിലെ മാറാട് ബീച്ചിൽ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള കേസുകളുടെ പേരിൽ പ്രതിക്കൂട്ടിലായിരുന്ന എൻഡിഎഫ്, ഇസ്ലാമിക മതമൗലികവാദ സംഘടനയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here