കേന്ദ്ര വിഹിതം അനുവദിക്കണം; അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രിയോട് ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് ലഭിക്കേണ്ട എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ഇത് എന്‍എച്ച്എമ്മിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയത്. അതിനാല്‍ എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്‍എച്ച്എം ഫണ്ടായി കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയുമാണ്. ഇതില്‍ ക്യാഷ് ഗ്രാന്റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയ പരിധി കഴിഞ്ഞെങ്കിലും ഒന്ന് പോലും അനുവദിച്ചിട്ടില്ല.
കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്റ്, കനിവ് 108 ആംബുലന്‍സ് എന്നിവയെല്ലാം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബേണ്‍സ് യൂണിറ്റുകള്‍, സ്‌കില്‍ സെന്റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്റ്ര്, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപയും കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here