മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള നഷ്ടപരിഹാരം ഉറപ്പാക്കും; കുവൈത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കിയെന്നും കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്

കുവൈത്തില്‍ മരിച്ചവര്‍ക്ക് എല്ലാവിധ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്. ഇന്‍ഷുറന്‍സ് അടക്കം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭരണാധികാരിയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ശനമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
ദാരുണമായ ദുരന്തമാണ് സംഭവിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി. ദുരന്ത വിവരം അറിഞ്ഞയുടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിക്കുകയും ഉടന്‍ തന്നെ കുവൈത്തിലെത്താന്‍ തനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അതനുസരിച്ച് അവിടെയെത്തി നടപടികള്‍ സ്വീകരിച്ചു. കുവൈത്ത് സര്‍ക്കാരും ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് അവരുടെ സഹകരണം കൊണ്ടാണ്. പത്ത് ദിവസം വരെ എടുക്കാവുന്ന നടപടിക്രമങ്ങളാണ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
കുവൈത്തില്‍ നിന്നും മൃതദേഹങ്ങള്‍ കൊണ്ടുവന്ന വിമാനത്തില്‍ കീര്‍ത്തി വര്‍ധന്‍ സിങും നെടുമ്പാശേരിയില്‍ എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here