കേന്ദ്ര വിഹിതം കേരളം നല്‍കിയിട്ടും ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നില്ല; വിമര്‍ശനവുമായി ധനമന്ത്രി

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നല്‍കിയിട്ടും ഈ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നാണ് ധനമന്ത്രി ആരോപിക്കുന്നത്. മുതിര്‍ന്നവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 6.88 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നതിന് കേന്ദ്രവിഹിതം ലഭിക്കുന്നത്. 1600 രൂപ പെന്‍ഷനില്‍ 200 രൂപ മുതല്‍ 500 രൂപവരെയാണ് കേന്ദ്രവിഹിതം. എന്നാല്‍ ഈ തുക കേന്ദ്രം മുടക്കിയിരിക്കുകയാണ്. ഇത് ഉപഭോക്താക്കളായ സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ കേന്ദ്ര വിഹിതവും സംസ്ഥാനം തന്നെ മുന്‍കൂറായി നല്‍കുകയാണ് ചെയ്യുന്നത്.

കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നത് പിഎഫ്എംഎസ് (പബ്ലിക് ഫിനാന്‍സ് മാനേജുമെന്റ് സിസ്റ്റം) എന്ന സംവിധാനം വഴിയാണ്. പെന്‍ഷന്‍ അനുവദിക്കുമ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും പിഎഫ്എംഎസിന്റെ കേരളത്തിലെ യുണിറ്റ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്. എന്നാല്‍, ഗുണഭോക്താക്കളില്‍ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതം മാത്രമാണ് ഇവരുടെ അക്കൗണ്ടുകളില്‍ എത്തുന്നത്. സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നല്‍കിയ തുകയും കേന്ദ്രം കൃത്യമായി വിതരണം ചെയ്യാതെ പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം പിഎഫ്എംഎസ് എന്ന നെറ്റ്വര്‍ക്ക് വഴി ആക്കണമെന്ന നിര്‍ദേശം വന്നത്. ഇല്ലെങ്കില്‍ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായി. എന്നാല്‍ കേന്ദ്ര വിഹിതം നല്‍കിയില്ലെന്ന മാത്രമല്ല കേരളം വായ്പ എടുത്ത് നല്‍കുന്ന പണം പോലും വിതരണം ചെയ്യാത്ത സ്ഥിതിയാണ്.

നിലവില്‍ സംസ്ഥാനത്ത് അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളാണുള്ളത്. ഇതില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ 6.88 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി നല്‍കാത്തതിനാല്‍ 200 മുതല്‍ 500 രൂപവരെ പ്രതിമാസ പെന്‍ഷനില്‍ കുറയുന്നുണ്ട്. 2023 ജൂലൈ മുതല്‍ ഇത്തരത്തില്‍ കേന്ദ്രവിഹിതമായി സംസ്ഥാനം നല്‍കിയ തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top