വീണയുടെ മാസപ്പടിയിൽ കേന്ദ്രാന്വേഷണം; കോർപ്പറേറ്റ് മന്ത്രാലയത്തിലെ മൂന്നംഗ സംഘം, റിപ്പോർട്ട് 4 മാസത്തിനുള്ളിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

എക്സാലോജികിന് പുറമേ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും (കെഎസ്ഐഡിസി) അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീണ വിജയന്‍റെ കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വ്യകതമായതോടെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കി സിഎംആര്‍എല്ലും, മറുപടി പോലും നല്‍കാന്‍ തയ്യാറാകാതെ കെഎസ്ഐഡിസിയും ഒഴിഞ്ഞുമാറിയിരുന്നു. മൂന്ന് സ്ഥാപനങ്ങളുടെ വിശദമായ ഇടപാടുകള്‍ അന്വേഷിക്കും. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സിയായ എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷ്യൻസും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്നായിരുന്നു ആദായ നികുതി തർക്ക പരിഹാര ബോർഡിന്‍റെ കണ്ടെത്തല്‍. കൺസൽട്ടൻസി, ഐടി, സേവനങ്ങൾ നല്‍കുന്നതിനായി സിഎംആർഎലുമായി എക്സാലോജിക്ക് കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരമുള്ള സേവനങ്ങളൊന്നും നല്‍കാതെ തന്നെ മാസം തോറും സിഎംആർഎല്ലില്‍ നിന്ന് വീണയും എക്സാലോജിക്കും പണം കൈപറ്റിയെന്ന് കണ്ടെത്തിയത്.

2016-ല്‍ ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങള്‍ക്കായും, 2017-ല്‍ സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായും രണ്ട് കരാറുകളാണ് ഇരുകമ്പനികളും തമ്മിലുള്ളത്. ഇതനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവുമാണ് സിഎംആർഎല്‍ നല്‍കേണ്ടിയിരുന്നത്. ഇത്തരത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായി ആകെ 1.72 കോടി രൂപ സിഎംആർഎല്‍ കൈമാറിയിട്ടുണ്ട്. വീണയ്ക്ക് 55 ലക്ഷവും, എക്സാലോജിക്കിന് ഒരു കോടി 17 ലക്ഷവുമാണ് ലഭിച്ചത്. എന്നാൽ നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top