സൈബറിടത്തിലെ സ്ത്രീസുരക്ഷക്ക് കേരള പോലീസിന് കേന്ദ്ര അംഗീകാരം; ഡിജിപി അവാർഡ് ഏറ്റുവാങ്ങും
സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ മികവിന് കേരള പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അംഗീകാരം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ നടത്തിയ ഇടപെടലുകളാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ്റെ (I4C) സെൻ്റർ നിലവിൽ വന്നതിൻ്റെ ഒന്നാം വാർഷികത്തിലാണ് അവാർഡ് നൽകുന്നത്.
മൂന്നു വിഭാഗങ്ങളിലാണ് സംസ്ഥാനങ്ങളുടെ മികവ് വിലയിരുത്തിയത്. 1930 എന്ന ഹെൽപ് ലൈൻ നമ്പർ വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിലെ ജാഗ്രത, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ്റെ സെൻ്ററിൻ്റെ വികസനത്തിനുള്ള പലവിധ സംഭാവനകൾ എന്നിങ്ങനെ ആയിരുന്നു പരിഗണനകൾ.
ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. സൈബർ കേസുകൾ കൈകാര്യം ചെയ്യാനായി മാത്രം കേരള പോലീസിൽ സൈബർ ഡിവിഷൻ രൂപീകരിച്ചത് കഴിഞ്ഞ വർഷമാണ്. അതിന് ശേഷമുള്ള ആദ്യ വലിയ നേട്ടമാണിത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാരുടെ നേതൃത്വത്തിലാണ് സൈബർ ഡിവിഷൻ പ്രവർത്തിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here