മണിപ്പൂരിനെ വരുതിയിലാക്കാൻ അമിത് ഷാ; 50 കമ്പനി കേന്ദ്ര സായുധ സേന ഇംഫാലിലേക്ക്…
മണിപ്പൂര്‍ വീണ്ടും അക്രമാസക്തമായതോടെ ഇടപെടലുമായി കേന്ദ്ര സർക്കാർ. വംശീയ സംഘർഷം സംസ്ഥാന സർക്കാരിന് നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെ കൂടുതൽ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) സംസ്ഥാനത്ത് വിന്യസിക്കാൻ തീരുമാനിച്ചു. 50 കമ്പനി സായുധസേനയെയാണ് ഇംഫാലിലേക്ക് കേന്ദ്രം അയക്കുന്നത്.
Also Read: മണിപ്പൂരിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; പാർട്ടിയിൽ കൂട്ടരാജി; ഭരണ നേതൃമാറ്റ ആവശ്യവും ഉയരുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ മണിപ്പൂരിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രണ്ട് ദിവസമായി മണിപ്പൂർ വിഷയം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ തുടർന്നു വരികയാണ്. ഈ യോഗങ്ങളിലാണ് സിഎപിഎഫിൻ്റെ വിന്യാസം സംബന്ധിച്ച തീരുമാനമെടുത്തത്.
Also Read: മണിപ്പൂരിൽ രോഷമടങ്ങാതെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; മരണം
കലാപബാധിതമായ ജിരിബാമുൾപ്പെടെ മണിപ്പുരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്‍പ) വീണ്ടും കേന്ദ്രസർക്കാ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ജിരബാമിൽ 11 ആയുധധാരികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. പോലീസ് സ്റ്റേഷൻ ആക്രമിച്ച കുക്കി കലാപകാരികളെ ആയിരുന്നു വെടിവച്ച് കൊന്നത്.
Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്
കഴിഞ്ഞ തിങ്കളാഴ്ച ദുരിതാശ്വാസ ക്യാംപിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും കുക്കി കലാപകാരികൾ ബന്ധികളാക്കിയിരുന്നു. ഇവരുടെ മൃതദേഹം ബരാക് നദിയിൽ നിന്നും ലഭിച്ചതോടെ മെയ്തേയ് വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. കുക്കി കലാപകാരികളെ അടിച്ചമർത്തി, കൊലപാതകത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും എംഎൽഎമാരുടേയും വീട്ടിലേക്ക് വൻജനക്കൂട്ടം പ്രതിഷേധവുമായി എത്തിയിരുന്നു. ശനിയാഴ്ച മുഖ്യമന്ത്രി ബിരേൻ സിംഗിന് വീട്ടിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് പിരിച്ചുവിടുകയുമായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ സിംഗ്, പൊതുവിതരണ മന്ത്രി എൽ സുശീന്ദ്രോ സിംഗ് പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജ് എന്നിവരുടെ വസതികളിലും പ്രതിഷേധക്കാർ അക്രമം അഴിച്ചു വിട്ടിരുന്നു.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
ബിരേൻ സിംഗിൻ്റെ മരുമകൻ ആർകെ ഇമോയുടെയടക്കം എംഎൽഎമാരുടെ വീടുകളും ആൾക്കൂട്ടം ആക്രമിച്ചു. ബിജെപി എംഎൽഎമാരായ രാധേശ്യാം, പവോനം ബ്രോജൻ, കോൺഗ്രസ് എംഎൽഎ ലോകേശ്വർ എന്നിവരുടെ വീടുകൾ പ്രതിഷേധക്കാർ കത്തിച്ചു. ഇന്നലെ രാത്രി ജനക്കൂട്ടം വിവിധ രാഷ്ട്രീയ നേതാക്കളുടെ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിച്ചിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ നടത്തിയ പ്രതിഷേധം ഇന്ന് അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കെ അത്തൗബ (21) എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്ത് ആരംഭിച്ച വംശീയ സംഘര്‍ഷത്തിൽ 220 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here