കേന്ദ്രസംഘം വയനാട്ടില്‍; മനുഷ്യ-വന്യജീവി സംഘര്‍ഷം വിശദമായി പരിശോധിക്കും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും
വയനാട് : മനുഷ്യ-വന്യമൃഗ സംഘര്‍ഷം പരിശോധിക്കാന്‍ കേന്ദ്രസംഘം വയനാട്ടില്‍. വര്‍ദ്ധിച്ചു വരുന്ന വന്യമൃഗങ്ങളുടെ കാടിറങ്ങല്‍, നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സംഘം വിശദമായി പരിശോധിക്കും. 5 അംഗ സംഘമാണ് വയനാട്ടിലെത്തിയിരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്, ഗൂഡല്ലൂര്‍ മേഖലയില്‍ സംഘം സന്ദര്‍ശനം നടത്തും.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മേധാവി ഹരിണി വേണുഗോപാല്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.രമേശ്, എലിഫെന്റ് സെല്ലിലെ ശാസ്ത്രജ്ഞന്‍ ലക്ഷ്മി നാരായണന്‍, സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരായ പി.വി.കരുണാകരന്‍, എസ്.ബാബു എന്നിവരാണ് സംഘത്തിലുള്ളത്. വനം ഉദ്യോഗസ്ഥരുമായി സംഘം വിശദമായി ചര്‍ച്ച നടത്തും. നിലവില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുക. വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങളുമായി സംഘം സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വയനാട്ടിലെത്തിയ കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ് നല്‍കിയ ഉറപ്പാണ് കേന്ദ്രസംഘം എത്തി പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കുമെന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here