ഇറാനിലേക്ക് യാത്ര പാടില്ലെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്; ഇറാനിൽ ഉള്ളവർ എംബസിയെ ബന്ധപ്പെടണം
ഇസ്രായേലിനെ ഇറാൻ ആക്രമിച്ചതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. ഈ സാഹചര്യത്തിൽ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇറാനിൽ നിലവിലുള്ള ഇന്ത്യക്കാർ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിലെ ഇന്ത്യക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അവിടുത്തെ ഇന്ത്യൻ എംബസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് എംബസി നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതാണ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായത്. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് ഇരുന്നൂറോളം മിസൈലുകളാണ് ഇറാൻ അയച്ചത്. അവയെല്ലാം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രായേൽ വെടിവച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here