ഫാക്ട് ചെക്ക് യൂണിറ്റിനെ ‘ചവറ്റുകുട്ടയിലിട്ട്’ കോടതി; ഐടി നിയമ ഭേദഗതി 2023 റദ്ദാക്കി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ വസ്തുതാ പരിശോധനാ യൂണിറ്റ് (ഫാക്ട് ചെക്ക് യൂണിറ്റ്) കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. യൂണിറ്റിൻ്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇതിനുവേണ്ടി ഐടി ചട്ടങ്ങളിൽ 2023ൽ നടപ്പാക്കിയ ഭേദഗതി കോടതി റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമാണ് ഫാക്ട് ചെക്ക് യൂണിറ്റെന്ന് ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കർ ചൂണ്ടിക്കാട്ടി. ഭേദഗതികൾ അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനാണ് കേന്ദ്രം ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു കണ്ടെത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ ഡിലീറ്റ് ചെയ്യേണ്ടിവരുന്ന രീതിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയം ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിഷയത്തിൻ്റെ ഭരണഘടനാ സാധുത സംബന്ധിച്ച് ബോംബെ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഐടി നിയമങ്ങളിലെ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജിഎസ് പട്ടേൽ, നീല ഗോഖലെ എന്നിവർ ജനുവരിയിൽ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് പട്ടേൽ നിയമങ്ങൾ റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഗോഖലെ അത് ശരിവച്ചു. ഭേദഗതി സെൻസർഷിപ്പിന് തുല്യമാണെന്നായിരുന്നു ജസ്റ്റിസ് പട്ടേൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കേസിൽ അന്തിമ തീരുമാനമെടുക്കാൻ ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കറിൻ്റെ ബെഞ്ചിനെ നിയോഗിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here