ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്; ഐഫോണ്‍, ഐപാഡ് എന്നിവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത
ഡല്‍ഹി: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഐഫോണ്‍, ഐപാഡ്, മാക്ക്ബുക്ക്, വിഷൻ പ്രോ ഹെഡ്‌സെറ്റ് എന്നീ ആപ്പിളിന്‍റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ (CERT-In) സുരക്ഷാ ഉപദേശം. ഉയര്‍ന്ന അപകട സാധ്യത ഉള്ളതിനാല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.
രാജ്യത്തെ ഏത് കോണില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ സൈബര്‍ ക്രിമിനലുകളെ സഹായിക്കുന്ന റിമോട്ട് കോഡ് എക്സിക്യൂഷന്‍ സംവിധാനമാണ് നിലവില്‍ കണ്ടെത്തിയത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റായ 17.4.1 പതിപ്പ് ഇല്ലാത്ത ഐഫോണ്‍, ഐപാഡ് ഉപകരണങ്ങള്‍ക്കാണ് പ്രധാനമായും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.
13.6.6ന് മുൻപുള്ള ആപ്പിൾ മാക് ഒഎസ് വെൻച്വുറ പതിപ്പുകൾ, 14.4.1ന് മുൻപുള്ള ആപ്പിൾ മാക് ഒഎസ് സനോമ പതിപ്പുകൾ, 1.1.1ന് മുൻപുള്ള ആപ്പിൾ വിഷൻ ഒഎസ് പതിപ്പുകൾ, 16.7.7ന് മുൻപുള്ള ആപ്പിൾ ഐഒഎസ്-ഐപാഡ് ഒഎസ് പതിപ്പുകൾ എന്നിവയില്‍ ഈ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാം.
കയ്യിലുള്ള ആപ്പിള്‍ ഉപകരണം ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യുക മാത്രമാണ് ഏക പോംവഴി. എന്നാല്‍ ഐഫോണ്‍ XRന് താഴെയുള്ള ഐഫോണുകളില്‍ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. പൊതു വൈഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോഴും പല ലിങ്കുകളില്‍ കയറുമ്പോഴും ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ ഈ പ്രശ്നം പരിഹരിക്കാം. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി ദ്വിതല സുരക്ഷാക്രമീകരണം ഉറപ്പാക്കാനും അറിയിപ്പുണ്ട്. പതിവായി ബാക്ക്അപ്പ് ചെയ്യാനും നിര്‍ദേശമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here