ഉദ്യോഗസ്ഥർക്ക് ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാം; 58 വർഷമായി നിലനിന്ന നിരോധനം പിൻവലിച്ച് കേന്ദ്ര സർക്കാർ

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന പരിപാടികളിൽ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. 1966ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ നീക്കിയത്. എബി വാജ്പേയ് അധികാരത്തിലിരുന്ന കാലത്ത് പോലും ഈ നിരോധനം നീക്കാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി മോദി സർക്കാരും ആർഎസ്എസും തമ്മിൽ അത്ര സ്വരചേർച്ചയിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഈ ബന്ധം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

1966ൽ ഗോവധത്തിനെതിരായി നടന്ന പ്രക്ഷോഭത്തെ ജനസംഘവും ആർഎസ്എസും പിന്തുണച്ചിരുന്നു. അക്കാലത്ത് ചില സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ സംഘത്തിൻ്റെ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇന്ദിരാഗാന്ധിയുടെ സർക്കാർ വിലക്കേർപ്പെടുത്തിയത്.

കേന്ദ്ര സർക്കാരിൻ്റെ പുതിയ തീരുമാനത്തിനെതിരെ ശിവസേന – ഉധവ് താക്കറെ പക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിഷ്പക്ഷരായി ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥർ ആർഎസ്എസിൻ്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ആശാസ്യമല്ലെന്ന് പാർട്ടി വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.

“മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ 1948ൽ ആർഎസ്എസിനെ നിരോധിച്ചിരുന്നു. സംഘം നൽകിയ ഉറപ്പുകളെ തുടർന്ന് നിരോധനം പിൻവലിച്ചു… സ്വയം പ്രഖ്യാപിത, ജൈവികമല്ലാതെ ജനിച്ചു എന്നവകാശപ്പെടുന്ന പ്രധാനമന്ത്രി മോദിക്ക് 2024 ജൂൺ നാലിന് ശേഷം ആർഎസ്എസുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. അത് മെച്ചപ്പെടുത്താനുള്ള പൊടിക്കൈയാണിത്. ഇനി മുതൽ ഉദ്യോഗസ്ഥർക്ക് കാക്കി നിക്കറിട്ട് ഓഫീസിൽ വരാം.” ഇങ്ങനെയായിരുന്നു കോൺഗ്രസ് വക്താവ് ജയ്റാം രമേശിൻ്റെ പരിഹാസം.

ജനാധിപത്യ വിരുദ്ധമായ ഉത്തരവാണ് കേന്ദ്ര സർക്കാർ പിൻവലിച്ചതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top