അമിത ജോലിഭാരത്താൽ മരണം; EY ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

തൊഴിൽ സമ്മർദത്തെ തുടർന്ന് മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ (26) മരിച്ചതിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അതീവ ദുഃഖകരമാണെന്നും ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. അന്നയുടെ മരണത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് രാജീവ് ചന്ദ്രശേഖർ ആണ് ആവശ്യപ്പെട്ടത്.

ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലൈ 20 ന് പൂനെയിലെ താമസ സ്ഥലത്തുവച്ചാണ് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്ക് കയറി നാലു മാസം തികയുന്നതിനു മുൻപേയായിരുന്നു മരണം. അമിത ജോലി ഭാരത്തെ തുടർന്നാണ് മകൾ മരിച്ചതെന്നായിരുന്നു കുടുംബം ആരോപിച്ചത്.

മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായത്. മരിക്കുന്നതിന് രണ്ടാഴ്ചമുന്‍പ് നെഞ്ചുവേദനയുമായി മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി അമ്മ എഴുതിയ കത്തിൽ പറയുന്നു. കടുത്ത ജോലി ഭാരം കാരണമാണ് മകൾ മരിച്ചത്. മകളുടെ മരണം കമ്പനി അധികൃതകുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അമ്മയുടെ കത്തിലുണ്ടായിരുന്നു.

മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും അന്നയുടെ അച്ഛൻ സിബി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജോലി കഴിഞ്ഞ് റൂമിൽ എത്തിയാലും അഡീഷണൽ വർക്ക് കൊടുക്കും. രാത്രിയിൽ ഉറങ്ങാതെയാണ് ആ വർക്ക് ചെയ്ത് തീർത്തിരുന്നത്. രാത്രിയിൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജോലി സമ്മർദവും ഉണ്ടായിരുന്നു. ജോലി രാജിവച്ച് വരാൻ പറഞ്ഞതാണ്. ഒരു വർഷമെങ്കിലും അവിടെ നിന്നാൽ വേറെ എവിടെയെങ്കിലും ജോലി കിട്ടുമ്പോൾ നല്ലതാണെന്ന് മകൾ പറഞ്ഞതോടെയാണ് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top