മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കേന്ദ്രം തിരിച്ചയക്കുന്നു; ബിഎസ്എഫ് തലപ്പത്തുനിന്ന് തെറിക്കുന്നത് രണ്ടുപേർ; ഗുരുതര അച്ചടക്കനടപടി

ബിഎസ്എഫ് ഡയറക്ടർ ജനറലും കേരള കേഡറിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ നിതിൻ അഗർവാളിനെ കേന്ദ്രസർക്കാർ തിരിച്ചയക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശുപാർശ അംഗീകരിച്ച ക്യാബിനറ്റ് അപ്പോയിൻ്റ്മെൻ്റസ് കമ്മറ്റി, ഉദ്യോഗസ്ഥനെ ഉടനടി മടക്കാൻ ഉത്തരവായി. ‘Premature Repatriation with Immediate Effect’ എന്നാണ് ഉത്തരവിലെ വാചകം. ഇദ്ദേഹത്തിനൊപ്പം ബിഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ വൈ.ബി.ഖുറാനിയയെയും മടക്കി അയക്കാൻ ഉത്തരവുണ്ട്. സ്വന്തം കേഡറായ ഒഡീഷയിൽ ഡിജിപിയായി അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. രണ്ടുപേർക്കെതിരെയും ഉള്ള നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.

കേരളത്തിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മുൻപും മടക്കി അയച്ചിട്ടുണ്ടെങ്കിലും തന്ത്രപ്രധാന പദവിയിലിരിക്കുന്ന ഇത്ര മുതിർന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്ന നടപടി സാധാരണമല്ല. അതീവ ഗൌരവമുള്ള അച്ചടക്ക നടപടിയാണ് ഇതെന്ന് ഉറപ്പിക്കാം. ജമ്മുകാശ്മീരിൻ്റെ രാജ്യാന്തര അതിർത്തി കാക്കുന്നത് ബിഎസ്എഫ് ആണ്. കൂടാതെ നിയന്ത്രണരേഖ അടക്കം തന്ത്രപ്രധാന മേഖലകളുടെ സുരക്ഷാച്ചുമതലയും ബിഎസ്എഫിനാണ്. അതിർത്തിയിൽ നുഴഞ്ഞു കയറ്റങ്ങൾ ഈയിടെ കൂടിയിരുന്നെന്നും ഇതിൽ കേന്ദ്രസർക്കാരിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാൾ കഴിഞ്ഞ വർഷം ജൂണിലാണ് ബിഎസ്എഫ് തലപ്പത്ത് എത്തിയത്. കഴിഞ്ഞ രണ്ടുതവണയും കേരളത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ നിതിൻ അഗർവാളിൻ്റെ പേര് പട്ടികയിൽ ഒന്നാമത് ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നതിനാൽ കേരളത്തിലേക്ക് വരാൻ താൽപര്യമില്ല എന്നായിരുന്നു ഇദ്ദേഹത്തിൻ്റെ നിലപാട്. അതേ ഉദ്യോഗസ്ഥനെയാണ് കേന്ദ്രം ഇപ്പോൾ നിർബന്ധപൂർവം കേരളത്തിലേക്ക് തിരിച്ചയക്കുന്നത്.

നിതിൻ അഗർവാൾ തിരിച്ചെത്തുമ്പോൾ കേരളത്തിലെ പോലീസ് ഉന്നതതലത്തിൽ മാറ്റങ്ങളുണ്ടാകും. പോലീസ് മേധാവി സ്ഥാനത്തേക്ക് ഇദ്ദേഹത്തെ കൊണ്ടുവരാൻ സർക്കാർ താൽപര്യപ്പെട്ടേക്കില്ല. എന്നാൽ അതിനൊത്ത ഉന്നത പദവി അനുവദിക്കേണ്ടി വരും. 2026 വരെ നിതിൻ അഗർവാളിന് സർവീസ് കാലാവധിയുണ്ട്. നിലവിൽ വിജിലൻസ് മേധാവിയായ റാങ്കിലുള്ള ടി.കെ.വിനോദ് കുമാർ അടുത്തുതന്നെ വിആർഎസ് എടുത്ത് പോകാനിരിക്കെ, ആ ഒഴിവിൽ ഡിജിപി റാങ്കിലേക്ക് വരുമെന്ന് കരുതിയവർ അൽപം കൂടി കാത്തിരിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top