കേരളത്തിന് മേൽ കേന്ദ്രം ഉപരോധം തീർക്കുന്നു; കടം വാങ്ങിയും വികസനം നടത്തുമെന്ന് ഇ പി ജയരാജൻ, സിഎജി നടത്തുന്നത് രാഷ്ട്രീയക്കളി

തിരുവനന്തപുരം: കടം വാങ്ങിയായാലും സംസ്ഥാനത്ത് വികസനം നടപ്പിലാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്ക് യുഡിഎഫും കൂട്ടു നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഇടതുമുന്നണി രാജ്ഭവനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉത്‌ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.

വികസനത്തിലൂടെ ബാധ്യതകൾ തീർക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണെന്ന് അറിയാമെങ്കിൽ പോലും കേരളത്തിന് മേൽ കേന്ദ്രം ഉപരോധം തീർക്കുകയാണ്. ഇത് വികസനം തടയാനുള്ള നീക്കമാണ്. യുഡിഎഫ് കഴിഞ്ഞ ഏഴ് വർഷമായി വികസനത്തെ അകാരണമായി എതിർക്കുകയാണ്. യാതൊരു രീതിയിലും സഹകരിക്കാത്ത അനോഭാവമാണ് ഇപ്പോളുള്ളതതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന ജിഎസ്ടിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് കൊടുക്കണമെന്നാണ് ധനകാര്യ കമ്മീഷൻ പറഞ്ഞിരിക്കുന്നത്. എന്നാൽ 2023ൽ കേരളത്തിന് നൽകിയത് 30 ശതമാനമാണ് . അതായത് സംസ്ഥാനത്തിന്റെ വരുമാനം വെട്ടിച്ചുരുക്കി. ജി എസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 11 കോടിയിലേറെ രൂപ നൽകാനുണ്ട്. ഇതു കൂടാതെയാണ് കടമെടുക്കാനുള്ള പരിധി വെട്ടി കുറച്ചത്. കിഫ്‌ബി വാങ്ങുന്ന വായ്‌പ്പ അവർ തന്നെ തിരിച്ചടക്കുന്നതാണ് അതും ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വായ്‌പ്പാ പരിധിയിൽ ഉൾപെടുത്തി. വികസനം തടയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ 24 കോടിയിലേറെ രൂപയാണ് സർക്കാർ ഈ വർഷം കുടിശ്ശിക പിരിച്ചെടുത്തത്. എന്നാൽ സിഎജി വാർത്താസമ്മേളനം വിളിച്ച് തെറ്റായ വിവരങ്ങൾ നൽകി. ഇത് രാഷ്ട്രീയക്കളിയാണ്. വാർത്താസമ്മേളനം നടത്താൻ സി എജിക്ക് അധികാരമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

വന്ദേ ഭാരത് പോലും കേരളത്തിന് അനുവദിച്ചത് കെ റെയിൽ നടപ്പാക്കാതിരിക്കാൻ വേണ്ടിയാണ്. നിയമനിർമാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകൾ ഒപ്പിടാത്തത് ബിജെപിയുടെ താൽപര്യപ്രകാരമാണെന്നും ജയരാജൻ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top