പ്രത്യേക രാജ്യത്തിനായി ക്രിസ്ത്യാനികളെ ഇളക്കിവിട്ടത് ഖലിസ്ഥാൻ; തമിഴരുടെ ദ്രാവിഡസ്ഥാൻ ആശയത്തിന് പിന്നിലും എസ്എഫ്ജെയെന്ന് കേന്ദ്രം
ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചത് ഖലിസ്ഥാൻ തീവ്രവാദികൾ ശ്രമിച്ചെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ മുസ്ലിങ്ങളുടെയും, മണിപ്പൂരിലെ ക്രിസ്ത്യാനികളുടെയും തമിഴരുടെ ഇടയിൽ ഭിന്നതയുണ്ടാക്കിയത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ആണെന്നാണ് കേന്ദ്രത്തിൻ്റെ ആരോപണം. എസ്എഫ്ജെയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനിനെ ഭീകരനായി 2020ൽ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക രാജ്യത്തിന് വേണ്ടി ശബ്ദമുയർത്താൻ മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തെ എസ്എഫ്ജെ പ്രേരിപ്പിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ‘ദ്രാവിഡസ്ഥാൻ’ (ദ്രാവിഡ നാട്) എന്ന ആശയത്തിലൂടെ ഭിന്നതയുണ്ടാക്കുന്നു. ന്യൂനപക്ഷ വാദം ഉയർത്തി ഖലിസ്ഥാൻ സംഘടന മുസ്ലിങ്ങളുടെ വികാരം ഇളക്കി വിട്ടെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം.
ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ നേതൃത്വത്തിലുള്ള ഭീകരവാദ സംഘടന മണിപ്പൂരിൽ വ്യാപകമായി വിഘടനവാദ പ്രവർത്തനങ്ങൾ നടത്തി. സിഖ് ഫോർ ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ ലക്ഷ്യം വച്ച് നീക്കങ്ങൾ നടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here