പിന്നിലെന്ത്? വഖഫ് നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുമ്പോൾ…

വഖഫ് നിയമം 1995 ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ എതിർപ്പുകൾ ശക്തമാകുന്നു. കേന്ദ്രനീക്കത്തെ ഒരുകാരണവശാലും അംഗീകരിക്കില്ല എന്നാണ് ഓൾ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡിൻ്റെ (AIMPLB) നിലപാട്. വഖഫ് സ്വത്തുക്കളുടെ ജുഡീഷ്യൽ പരിശോധന, നിർബന്ധിത സ്വത്ത് രജിസ്ട്രേഷൻ, വഖഫ് ബോർഡുകളിൽ സ്ത്രീകളെ ഉൾപ്പെടുത്തൽ തുടങ്ങിയ 40 ഭേദഗതികൾ അടങ്ങുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ഈ നീക്കം തടയാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാവഴികളും തേടുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വക്താവ് എസ്‌ക്യുആർ ഇല്യാസ് അറിയിച്ചു. ഭേദഗതി പാർലമെൻ്റിൽ പാസാക്കാൻ അനുവദിക്കരുത്. ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഭരണമുന്നണിയായ എൻഡിഎ സഖ്യകക്ഷികളോടും പ്രതിപക്ഷ പാർട്ടികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

സച്ചാർ കമ്മിറ്റിയുടെയും കെ റഹ്മാൻ ഖാൻ അധ്യക്ഷനായിരുന്ന സംയുക്ത പാർലമെൻ്ററി സമിതിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഭേദഗതികള്‍ എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. സുതാര്യത വർദ്ധിപ്പിക്കാനും ദരിദ്രർക്ക് വരുമാനം ഉറപ്പാക്കാനും ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. ‘പ്രതീക്ഷ’ (Hope) എന്നതിന് സമാനമായി നിയമത്തിന് പുതിയ പേര് നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ ഉള്ളതും വഖഫ് ബോർഡിനാണ്. രാജ്യത്തെമ്പാടുമുള്ള 30 ബോർഡുകളുടെ കൈവശം എട്ടു ലക്ഷത്തിലധികം ഏക്കർ സ്വത്തുവകകൾ ഉണ്ടെന്നാണ് കണക്ക്. സ്വത്തുക്കളുടെ വാണിജ്യ ഉപയോഗത്തിൽ നിന്നും ചെലവുകളിൽ നിന്നും വരുമാനം ശേഖരിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും ഓൺലൈനാക്കും. വരുമാനം സുതാര്യമാക്കുന്നത് സമുദായത്തിലെ ദരിദ്രർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഗുണം ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

നിലവിൽ ബോർഡിൻ്റെ സ്വത്തുവകകളും വരുമാനവും മുസ്ലിം സമുദായത്തിൻ്റെ ഉന്നമനത്തിനായി ഉപയോഗിക്കുക എന്നതാണ് വഖഫ് ബോർഡിൻ്റെ ഉത്തരവാദിത്വം.
നിയമ ഭേദഗതി നിലവിൽ വന്നാൽ വഖഫ് ബോർഡുകളിൽ തന്നെ സ്വത്തുക്കൾ നിലനിൽക്കുമെങ്കിലും അവയുടെ മേൽനോട്ടം ജില്ലാ മജിസ്ട്രേറ്റിൻ്റെ (ജില്ലാ കളക്ടർ) നിയന്ത്രണത്തിലായിരിക്കും എന്നാണ് വിവരം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം (വഖഫ് നിയമ ഭേദഗതി 2013) എടുത്തുകളയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്ന വിമർശനവും നിർദിഷ്ട ഭേദഗതി ബില്ലിനെതിരെ ഉയരുന്നുണ്ട്. വഖഫ് ബോർഡിന് പരിധിയില്ലാത്ത അധികാരം നൽകുന്നതിനാൽ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ഇക്കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം അന്നുയർത്തിയത്.

നിലവിൽ പാർലമെൻ്റിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശം തകർക്കാനും മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഇടപെടൽ നടത്താനുമാണ്‌ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എംപി രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top