വാട്ടർമെട്രോയുടെ പിതൃത്വം ഏറ്റെടുത്ത് കേന്ദ്രം, കേന്ദ്രപദ്ധതിയെന്ന് വ്യാഖ്യാനിച്ച് ബിജെപിയുടെ പത്രപരസ്യം, പൂർണമായും സംസ്ഥാന പദ്ധതി
കൊച്ചി: സംസ്ഥാന സർക്കാർ പൂർണമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി മോദി തന്നതെന്ന അവകാശവാദവുമായി ബിജെപി. ‘മോടിയോടെ കേരളം’ എന്ന പേരിൽ പത്രങ്ങൾക്ക് നല്കിയ പരസ്യത്തിലാണീ എട്ടുകാലി മമ്മൂഞ്ഞുകളി.
ജർമ്മൻ കമ്പനിയിൽ നിന്ന് 908.6 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന വൻകിട വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. ജർമ്മൻ വികസന ബാങ്കിൽ നിന്നെടുക്കുന്ന വായ്പയുടെ ജാമ്യക്കാരൻ എന്ന ഉത്തരവാദിത്തം മാത്രമാണ് കേന്ദ്രത്തിനുള്ളത്. വാട്ടർ മെട്രോ കേന്ദ്ര പദ്ധതിയാണെന്നുള്ള ബിജെപിയുടെ അവകാശവാദത്തെ മുഖ്യമന്ത്രിയടക്കം നിഷേധിച്ചിരുന്നു. 819 കോടി വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം പരിസ്ഥിതി അനുമതി നൽകിയതിനെയാണ് കേന്ദ്രസഹായമായി വ്യാഖ്യാനിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട് എന്നുമായിരുന്നു മോദി അനുയായികളുടെ സോഷ്യൽ മീഡിയാ തള്ള്. ബിജെപിക്കാരുടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് സംസ്ഥാന സർക്കാർ കണക്കുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമായി ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പദ്ധതി പൂർണമാകുന്നതോടെ 10 ദ്വീപുകളിലെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാണ് ഉണ്ടാകുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here