ഇഡി രാഷ്ട്രിയത്തിലിറങ്ങുന്നോ? കേന്ദ്രസർക്കാരിൻ്റെ വജ്രായുധം നേതാക്കളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുമ്പോൾ ഒരന്വേഷണം; യഥാർത്ഥത്തിൽ എന്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്

ബിജെപി 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ഏറെ വിമർശനം നേരിട്ട അന്വേഷണ ഏജൻസിയാണ് എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാടുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒക്കെയാണ് അന്വേഷണ പരിധിയിൽ വരിക. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിൽ 1956 മെയ് ഒന്നിന് ‘എൻഫോഴ്സ്മെൻ്റ് യൂണിറ്റ്’ എന്ന പേരിലായിരുന്നു രൂപീകരണം.

എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് എന്ന് പേരുമാറ്റി, നിരവധി നിയമ നിർമ്മാണ ഭേദഗതികളിലൂടെ ഒരുപാട് അധികാരങ്ങൾ കൊടുത്താണ് ഇന്നത്തെ നിലയിലേക്ക് ഇഡിയെ മാറ്റിയത്. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് 1947 (FERA) റദ്ദാക്കിക്കൊണ്ട് 2000ൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് (FEMA) നിലവിൽ വന്നു. 2002ൽ കള്ളപ്പണ ഇടപാടുകൾ നിയന്ത്രിക്കാൻ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) കൂടി നിലവിൽ വന്നതോടെ ഇഡിയുടെ അധികാര പരിധികൾ വിപുലമാവുകയും ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര മാനങ്ങൾ കൈവരികയും ചെയ്തു. 2011ൽ എൻഫോഴ്സ് മെൻറ് വിഭാഗത്തെ പരിഷ്കരിച്ച് ജീവനക്കാരുടെ എണ്ണം 758ൽ നിന്ന് 2064 ആയി ഉയർത്തി. ഉന്നത ഓഫീസർമാരുടെ എണ്ണം 21ൽ നിന്ന് 49 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തു. പല്ലും നഖവും കൊടുത്ത് കേന്ദ്ര സർക്കാർ ഇഡിയെ പരിപോഷിപ്പിച്ചതിൻ്റെ നേട്ടങ്ങളും കാണാനുണ്ട്.

ഇഡിയുടെ നിയന്ത്രണം

എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റിൻ്റ കീഴിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളുമുണ്ട്. ഈ ഓഫീസുകളുടെ ചുമതല സ്പെഷ്യൽ ഡയറക്ടറന്മാർക്കാണ്. ഇതിനും പുറമെ സോണൽ, സബ് സോണൽ ഓഫീസുകളുടെ ചുമതലയുള്ള ജോയിൻ്റ് ഡയറക്ടറന്മാരുമുണ്ട്. ഇന്ത്യൻ റവന്യൂ സർവ്വീസിലെ (ഐആർഎസ്) 1993 ബാച്ചുകാരനായ രാഹുൽ നവീനാണ് ഇഡിയുടെ ഇപ്പോഴത്തെ ഡയറക്ടർ .

പ്രധാനമായും കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നതോടൊപ്പം അറസ്റ്റ് ചെയ്യാനും കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള വിപുലമായ അധികാരം ഇഡിക്കുണ്ട്. അതുപോലെ തന്നെ രാജ്യത്ത് സാമ്പത്തിക കുറ്റങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് മുങ്ങുന്നവരെ പിടികൂടി നിയമനടപടികൾ സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ട്. നാടുവിട്ട് മുങ്ങുന്ന സാമ്പത്തിക കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ 2018ൽ ഫുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് (FEOA) പാസാക്കിയതിനെ തുടർന്ന് വിദേശങ്ങളിൽ പോയി അന്വേഷണം നടത്താനും ഏജൻസിക്ക് കഴിയുന്നുണ്ട്. അതുപോലെ തന്നെ കള്ളക്കടത്ത് തടയുന്നതിനുള്ള ‘കോഫെപോസ’ നിയമ പ്രകാരവും നടപടിയെടുക്കാൻ ഇഡിക്ക് അധികാരമുണ്ട്.

വ്യാപകമായ തോതിൽ റെയ്ഡും അറസ്റ്റും സ്വത്ത് കണ്ടുകെട്ടലുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇഡി കേസിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തീരെ കുറവാണെന്ന ആക്ഷേപം ശക്തമാണ്. 2022 ജൂലൈയിൽ കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ നൽകിയ രേഖകൾ പ്രകാരം 2022 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ഇഡിയുടെ കേസുകളിൽ 0.5 ശതമാനം മാത്രമാണ് ശിക്ഷാനിരക്ക്. 5,422 കള്ളപ്പണക്കേസുകളിൽ കേവലം 23 കേസുകളിൽ മാത്രമാണ് കുറ്റവാളികളെ ശിക്ഷിച്ചത്. എന്നാൽ 2021ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശരാശരി 57% ശിക്ഷിക്കപ്പെടുന്നുണ്ട് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 2022 മാർച്ച് 31ന് ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ പറഞ്ഞത്, കള്ളപ്പണ നിരോധന നിയമപ്രകാരം 5422 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,04,702 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതുകൂടാതെ 992 കേസുകളിൽ കുറ്റപത്രം കൊടുക്കുകയും 869.31 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 23 കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തുവെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.

കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രിയ ലക്ഷ്യങ്ങൾക്കായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾക്കെതിരെ ഉപയോഗിക്കാനുള്ള ചട്ടുകമാണ് ഇഡി എന്ന വിമർശനം വ്യാപകമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയോടെ ഇത് കൂടുതൽ ശക്തമാകുകയാണ്. 2014 മുതൽ 2022 വരെ ഏതാണ്ട് 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസുകൾ ചുമത്തിയിട്ടുണ്ട്. ഇവരിൽ 115 പേർ പ്രതിപക്ഷ പാർട്ടികളിൽ പെട്ടവരാണ്. ഈ കണക്കുകൾക്ക് പുറമെയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ.കവിത തുടങ്ങിയവരുടെ അറസ്റ്റുകളും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24ന് 14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനും പുറമെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top