‘യുജിസി ചട്ടം ലംഘിച്ച് ഡിവൈഎഫ്ഐ നേതാവ് അധ്യാപക സെലക്ഷൻ കമ്മറ്റി ചെയർമാന്‍’; പിന്നിൽ വൻലക്ഷ്യങ്ങളെന്ന് വിമർശനം
കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലു വർഷ ബിരുദ കോഴ്സിൽ അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള ഇൻ്റർവ്യൂ ബോർഡിൻ്റെ ചെയർമാനായി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന് ആരോപണം. സർവകലാശാല സിൻഡിക്കറ്റ് അംഗമായ ജെഎസ് ഷിജുഖാനെയാണ് ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസർ) തിരഞ്ഞെടുക്കുന്നതിനുള്ള ബോർഡിൻ്റെ ചെയർമാനായി നിയമിച്ചിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി അധ്യാപക സെലക്ഷൻ കമ്മറ്റി രൂപീകരിക്കുവാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് നിവേദനം നൽകി. രാഷ്ട്രീയം നോക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗമാണ് ചട്ടപ്രകാരം യോഗ്യതയുള്ള സീനിയർ വനിതാ പ്രൊഫസറെ ഒഴിവാക്കി ഷിജുഖാനെ ഇന്റർവ്യൂ ബോർഡ് ചെയർമാനായി തീരുമാനിച്ചത്. യൂജിസി മാനദണ്ഡങ്ങൾ പ്രകാരം വിസിയോ, 10 വർഷം പ്രൊഫസർ പദവിയില്‍ തുടരുന്ന വിസി ചുമതലപ്പെടുത്തുന്ന അധ്യാപകനോ ആയിരിക്കണം ചെയർമാൻ. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്നാണ് യൂജിസി നിയമം. ഇടത് അധ്യാപക സംഘടനയിൽപ്പെട്ട ഏതാനും അധ്യാപകരെയും ഇന്റർവ്യൂ ബോർഡ് അംഗങ്ങളായും നിശ്ചയിച്ചിട്ടുണ്ട്.
യാതൊരു അധ്യാപന പരിചയമില്ലാത്ത ഒരാൾ അധ്യാപകരുടെ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന പേരിലാണ് സർക്കാർ സർവകാശാലാ സിൻഡിക്കറ്റിൽ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. അനധ്യാപകരായ അംഗങ്ങളെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തുന്നതിന് യൂജിസി വിലക്കുമുണ്ട്.
മുൻകാലങ്ങളിൽ വിസിക്ക് പകരം പിവിസിയാണ് ഇന്റർവ്യൂ ബോർഡിൽ അധ്യക്ഷനാവുക. നിലവിൽ പിവിസി പദവി ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ വിസിയോ അദേഹം ചുമതലപ്പെടുത്തുന്ന സീനിയർ പ്രൊഫസറോ വേണം ബോർഡിൻ്റെ ചെയർമാനാവേണ്ടത്. സംസ്ഥാനത്തെ മറ്റു സർവ്വകലാശാലകളിൽ ഈ രീതി പിന്തുടരുമ്പോഴാണ് കേരള സർവകലാശാലയിൽ ഡിവൈഎഫ്ഐ നേതാവിനെ സെലക്ഷൻ കമ്മറ്റിയുടെ അധ്യക്ഷനാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. 12 ഒഴിവുകളാണ് നിലവിലുള്ളത്. എന്നാൽ നാല് വർഷത്തിനുള്ളിൽ 50 ഓളം പേരെ തസ്തികയിലേക്ക് നിയമിക്കേണ്ടിവരും. നിയമനം ലഭിക്കുന്നത് പുതിയ നാലു വർഷ ബിരുദ കോഴ്സിന്റെ ബാച്ച് പൂർത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപക പരിചയം ഭാവിയിൽ റെഗുലർ നിയമനത്തിനുള്ള മുൻഗണനാ യോഗ്യത നൽകുകയും ചെയ്യും.
കേരള സർവകലാശാല ക്യാമ്പസിൽ നേരിട്ട് നടത്തുന്ന ബിരുദ കോഴ്സിന്റെ പരീക്ഷകളുടെ നടത്തിപ്പിന്റെയും, ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെയും, ഇൻ്റേണൽ മാർക്ക് നൽകുന്നതിന്റെയും, മൂല്യനിർണയത്തിന്റെയും പൂർണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകർക്കാണ്. അതിനാൽ സിപിഎമ്മിന് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡിവൈഎഫ്ഐ നേതാവിനെ ചെയർമാനായി നിയമിച്ചതിനു പിന്നിലെന്നാണ് പ്രധാന വിമർശനമുയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here