ആത്മഹത്യക്ക് കാരണം വാർത്ത!! പെൻഷൻ കിട്ടാത്ത ദുരിതം റിപ്പോർട്ട് ചെയ്ത ദീപിക ലേഖകനെതിരെ കേസെടുക്കണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത്
കോഴിക്കോട് : ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പഞ്ചായത്ത് പ്രമേയം. സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്താണ് വാര്‍ത്ത നല്‍കിയ ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ രാജന്‍ വര്‍ക്കിക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. ജോസഫിന് ആത്മഹത്യ ചെയ്യാന്‍ ഇദ്ദേഹം നിരന്തരം പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന അറിയിച്ച് ജോസഫ് നല്‍കിയ കുറിപ്പ് തയാറാക്കിയതും രാജന്‍ വര്‍ക്കിയാണെന്ന് ആരോപിച്ചിട്ടുണ്ട്.
പെന്‍ഷന്‍ തരണം ഇല്ലെങ്കില്‍ മരണം മാത്രം ശരണം എന്ന തലക്കെട്ടിലാണ് ജോസഫിന്റെ വാര്‍ത്ത നല്‍കിയത്. മലയോര മേഖലയിലെ കൃഷിക്കാര്‍ക്കിടയില്‍ അസംതൃപ്തി പരത്തി ആത്മഹത്യയാണ് യഥാര്‍ത്ഥ സമര മാര്‍ഗ്ഗം എന്ന പ്രചരിപ്പിക്കുന്ന നീചമായ മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനാല്‍ രാജന്‍ വര്‍ക്കിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോസഫിന്റെ ആത്മഹത്യയില്‍ മാത്രമല്ല 2017ല്‍ ജോയ് എന്നയാള്‍ ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തിലും സമാന സ്വാഭാവമുളള വാര്‍ത്തകള്‍ രാജന്‍ വര്‍ക്കി നല്‍കിയിരുന്നു. അത്തരത്തിലുളള വാര്‍ത്തയും പ്രചരണവും ആവര്‍ത്തിച്ചതു കൊണ്ടാണ് പ്രമേയം പാസാക്കിയതെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മാധ്യമസിന്‍ഡിക്കറ്റിനോട് പറഞ്ഞു.
തനിക്കെതിരെ നിരന്തരം നടക്കുന്ന വേട്ടയാടലിന്റെ ഭാഗമാണ് പഞ്ചായത്തിന്റെ പ്രമേയമെന്ന് രാജന്‍ വര്‍ക്കി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഭയപ്പെടുത്താനുള്ള ശ്രമം പലപ്പോഴുമുണ്ടായിട്ടുണ്ട്. ജോസഫിന് പരാതി തയാറാക്കി നല്‍കിയെന്ന ആരോപണം ശുദ്ധകളവാണ്. ‘ജോസഫിന് ഞാന്‍ കത്തെഴുതി നല്‍കേണ്ട ആവശ്യമില്ല. ചെറുകഥകളെഴുതുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ക്ക് ഞാന്‍ എന്തിന് പരാതി എഴുതിക്കൊടുക്കണം. ജനങ്ങളെ ബാധിക്കുന്ന വിഷയം ഏറ്റെടുത്ത് വാര്‍ത്ത് നല്‍കുന്നത് എന്റെ തൊഴിലിന്റെ ഭാഗമാണ്. എത്ര ഭയപ്പെടുത്തിയാലും പിന്നോട്ടില്ല’ രാജന്‍ വര്‍ക്കി പറയുന്നു.
പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജോസഫ് വളയത്ത് എന്നയാളെ ആത്മഹത്യയിലേക്ക് നയിച്ച ദീപിക ലേഖകന്‍ രാജന്‍ വര്‍ക്കി എന്നവര്‍ക്കെതിരെ കേസ് എടുക്കണം. ജോസഫ് വളയത്ത് എന്നയാള്‍ 2024 ജനുവരി മാസം 23-ാം തിയ്യതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി പ്രേരണ നല്‍കി മരണത്തിലേക്ക് നയിച്ചതില്‍ ദീപിക ലേഖകന്‍ രാജന്‍ വര്‍ക്കിയുടെ പങ്ക് വ്യക്തമാണ്. 2023 നവംബര്‍ 9-ാം തിയ്യതി ഞാനും എന്റെ മകളും പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ജോസഫ് നല്‍കിയ കത്ത് തയ്യാറാക്കിയത് രാജന്‍ വര്‍ക്കിയും ജോസഫും കൂടിചേര്‍ന്നാണ്. നവംബര്‍ 10 ന്റെ ദീപിക പത്രത്തില്‍ മാത്രം ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ആ വാര്‍ത്തയില്‍ പറയുന്നത് പെന്‍ഷന്‍ തരണം ഇല്ലെങ്കില്‍ മരണം മാത്രം ശരണം എന്ന തലക്കെട്ടിലാണ്. കളക്ട്രേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ മണ്ണെണ്ണയും തീപന്തവുമായി ജോസഫിനെ ആത്മാഹുതി പ്രഖ്യാപനത്തിലേക്ക് നയിച്ചതും രാജന്‍ വര്‍ക്കിയാണ്. 21/06/2017 ജോയ് കാവില്‍ പുരയിടത്തില്‍ എന്നയാല്‍ ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സമാന സ്വാഭാവമുളള വാര്‍ത്തകള്‍ രാജന്‍ വര്‍ക്കിയുടേതായി വന്നിരുന്നു. ജോസഫ് വളയത്ത് എന്നയാള്‍ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ മുതുകാട് ശാഖയില്‍ നിന്നും 2023 വര്‍ഷത്തില്‍ 24200/- രൂപ പെന്‍ഷന്‍ ഇനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 99 പ്രവൃത്തി 2024 ജനുവരി 15 വരെ പൂര്‍ത്തിയാക്കുകയും 28400/- കൂലി ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഒരു മാസം സര്‍ക്കാരില്‍ നിന്ന് പത്ത് കിലോ ഭക്ഷ്യധാന്യം സൌജന്യമായി കൈപ്പറ്റുന്നുണ്ട്. അംഗ പരിമിതന്‍ എന്ന പരിഗണന വെച്ചുകൊണ്ട് 500000/- രൂപ ചെലവഴിച്ച് ജോസഫിന്റെ വീട്ടിലേക്ക് മാത്രമായി റോഡ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. അതിദരിദ്ര്യരുടെ പട്ടികയില്‍പ്പെടുത്തി പുതിയ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി 400000/- രൂപ അനുവദിച്ചിട്ടുണ്ട്. ഒരു പൌരന് നല്‍കാന്‍ കഴിയുന്ന ആനുകൂല്യം സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടും മലയോര മേഖലയിലെ കൃഷിക്കാര്‍ക്കിടയില്‍ നിയമ വിരുദ്ധമായി അസംതൃപ്തി പരത്തി ആത്മഹത്യയാണ് യഥാര്‍ത്ഥ സമര മാര്‍ഗ്ഗം എന്ന പ്രചരിപ്പിച്ച് മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന നീചമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന രാജന്‍ വര്‍ക്കിക്ക് എതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി കേരള മുഖ്യമന്ത്രിയോടും സംസ്ഥാന ഡി.ജി.പിയോടും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here