തൻ്റെ സിനിമ അവാർഡ് ജൂറി തഴഞ്ഞതിൽ രഞ്ജിത്തിനെ വിമർശിച്ച് സഞ്ജീവ് ശിവനും; ‘സർക്കാരിനും ഉത്തരവാദിത്തം’

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദത്തിൽ ഇടപെട്ട് സഞ്ജീവ് ശിവൻ . ചലച്ചിത്ര അക്കാദമി മെറിറ്റ് നോക്കിയല്ല അവാർഡുകൾക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അക്കാഡമി ചെയർമാന്റെ ഇടപെടലുകളാണ് പ്രശ്നമെന്നും രൂക്ഷ വിമർശനമാണ് സഞ്ജീവ് ശിവൻ ഉന്നയിച്ചത്. സർക്കാരിന്റെയും സാംസ്‌കാരിക മന്ത്രിയുടെയും ഭാഗത്തു നിന്നുണ്ടായ പ്രതികരണം നിരാശാജനകമായിരുന്നു. അത് കൊണ്ടാണ് മുൻപ് പ്രതികരിക്കാത്തതെന്നും സഞ്ജീവ് ശിവൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അവാർഡ് നിർണയ ജൂറിയുടെ തീരുമാനങ്ങളിൽ ചെയർമാൻ ഇടപെടേണ്ട കാര്യമില്ല. ജൂറിയെ വയ്ക്കുന്നത് തന്നെ സ്വന്തന്ത്രമായ തീരുമാനം എടുക്കാനാണ്. പ്രാഥമിക ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ തന്നെ ചെയർമാൻ ഇടപെട്ട് സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റുകയാണ്. ഇതൊക്കെ വ്യക്തമായി തെളിവ് സഹിതം പുറത്തുവന്നിട്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറയുന്നത് ചെയർമാൻ ഇതിഹാസമാണെന്നാണ്.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം തന്നെ പ്രാഥമിക ജൂറി തള്ളിയതാണ് എന്നാൽ ഫൈനൽ ജൂറിയിലെ ഒരു അംഗം ഈ ചിത്രം നല്ലതായിരുന്നല്ലോ അത് അവസാന പട്ടികയിൽ ഇല്ലാലോ എന്ന് ചോദിച്ചപ്പോഴാണ് വീണ്ടും കൊണ്ടുവന്നത്. ആ ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. അത്കൊണ്ട് ഇത്തവണ മുതൽ പുതിയ നിയമം കൊണ്ടുവന്നു പ്രാഥമിക ജൂറി തള്ളിയ സിനിമ ഫൈനൽ ജൂറിക്ക് റീകോൾ ചെയ്യാൻ പറ്റില്ല. ഴുകി ഒഴുകി ഒഴുകി എന്ന എന്റെ ചിത്രവും ഈ തരത്തിലാണ് പുറത്താക്കിയത്. കഴിവുള്ള കലാകാരൻമാർ ഇപ്പോൾ ചിത്രങ്ങൾ അയക്കുന്നില്ല. അങ്ങനെ പ്രതിഷേധം രേഖപ്പെടുത്താൻ കഴിയുയെന്ന് സഞ്ജീവ് ശിവൻ പറഞ്ഞു.

ഐഎഫ്എഫ്‌കെയുടെ അവസ്ഥയും മറ്റൊന്നല്ല. ഫിലിം സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത് ആരാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. എന്ത് മാനദണ്ഡത്തിലാണ് സെലക്ഷൻ കമ്മിറ്റിയെ എടുക്കുന്നതെന്ന് അക്കാദമിക്ക് തന്നെ ധാരണയില്ല. ഇവിടത്തെ ചലച്ചിത്ര മേളയിൽ എടുക്കാത്ത മലയാളം ചിത്രങ്ങൾ മറ്റ് അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വരെ വാങ്ങുന്നു. പ്രത്യേക താൽപര്യങ്ങൾക്ക് വേണ്ടി നല്ല ചിത്രങ്ങൾ ഒഴിവാക്കുകയാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.

Logo
X
Top